ഉഛ്വാസം

എത്ര കണ്ണീരു കൊഴിഞ്ഞു വീണു മുഖ-
മിത്രമേല്‍ ദാരുണമാകുവാനോമലേ!
ഒന്നുമില്ലെന്നു പറഞ്ഞു നീ കോന്തലി-
നറ്റം തുടച്ചു ചിരിച്ചു നിന്നില്ലയോ?

ആരുമില്ലതെയകലെ നഗരത്തി-
ലേകാന്തമാം മുറി തന്നില്‍ക്കിടക്കവെ
ഇല്ലാത്ത രൂപങ്ങള്‍, ഭാവങ്ങളുള്ളില്‍
നന്നായ് വിരിയുന്ന യാമങ്ങളിലെന്റെ-
യെത്ര കണ്ണീരു കൊഴിഞ്ഞു വീണു മുഖ-
മിത്രമേല്‍ ദാരുണമാകുവാനോമലേ!

എത്ര കണ്ണീരു പൊഴിച്ചു ഞാനോമലേ
നിന്റെ മൃദുലമാമുഛ്വാസമോര്‍ക്കവെ
ആയിരം നക്ഷത്രമെങ്ങു പോയി പിന്നെ
ആയിരം വഴികള്‍ പിഴച്ചു പോയെങ്ങിനെ

കുറ്റമില്ലാതെ തെളിവുകളില്ലാതെ
ശിക്ഷകന്‍ രക്ഷകന്‍ ആരുമില്ലാതെ നാം
സ്വന്തം കൃതിയായ ജയിലില്‍ കിടന്നു
കരയാതെ നോക്കുക മിഴിനീരിലുഴലവെ!

കുമാരന്‍ മൂസദ്