ആഘോഷത്തിന്റെ അവകാശികള്‍

കഥ നടക്കുന്ന കാലം ഞാന്‍ പത്രപ്രവര്‍ത്തകനായിരുന്നു. ഫസ്റ്റ്‌ എഡിഷന്റെ പണി തീര്‍ത്ത്‌ ഓഫീസില്‍നിന്നിറങ്ങുമ്പോള്‍ സമയം പത്തര കഴിയും. കോഴിക്കോട്ടെ ഓഫീസില്‍നിന്ന്‌ ബജാജ്‌ കവാസാക്കി ബൈക്കിലാണ്‌ വീട്ടിലേക്കുള്ള യാത്ര. ഡിസംബറിന്റെ അവസാന രാത്രിയായിരുന്നു അത്‌. പുതുവര്‍ഷത്തിന്റെ ആദ്യരാത്രിയും!

ലോകം പുതുവര്‍ഷാഘോഷ തിമര്‍പ്പിലാണെന്നാണ്‌ വര്‍ത്തമാനം. പുതുവര്‍ഷത്തിന്റെ പിറകെ ഓടുകയാണ്‌ ചാനലുകളെല്ലാം. പക്ഷേ, വിശപ്പും ക്ഷീണവും വീട്ടിലെത്താനുള്ള തത്രപ്പാടും ബാധിച്ച ഒരാളെ അയാള്‍ ഇത്തിരി സാഹിത്യത്തിന്റെ രോഗമുള്ള ആളായാല്‍പോലും പുതുവര്‍ഷത്തിന്റെ പുതുമണവും മഞ്ഞുവീഴുന്ന രാവിന്റെ റൊമാന്‍സുമൊന്നും സ്വാധീനിക്കില്ല. ഒന്നു കുളിക്കണം, നാടന്‍ നെല്ലുകുത്തരിയുടെ ചോറും ചെമ്മീന്‍ ചക്കക്കുരു കറിയും…. വൗ! ഇതിനേക്കാള്‍ വലിയ ആഘോഷമെന്താണുള്ളത്‌. ശേഷം പുതുവര്‍ഷപുലരി ടി വിയില്‍ കണ്‍കുളിര്‍ക്കെ കണ്ട്‌ സായൂജ്യമടയാം.
new year1
കോഴിക്കോട്ടുനിന്ന്‌ ഇങ്ങനെ പലപല സ്വപ്‌നങ്ങളും കണ്ട്‌ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടയില്‍ ഒരേയൊരു സ്ഥലത്തെ വണ്ടി നിര്‍ത്താറുള്ളൂ. അവസാന യാത്രക്കാരെയും കാത്തിരിക്കുന്ന ഒരു മത്സ്യവില്‌പനക്കാരന്റെ അടുത്താണത്‌. മത്സ്യ കച്ചവടത്തിലൂടെ ഒരു കൊച്ചുമുതലാളിയാവുകയും അതിന്റെ പത്രാസ്‌ കൈമുതലാക്കുകയും ചെയ്‌ത മഹാന്‍. അതുകൊണ്ടുതന്നെ നമുക്ക്‌ അദ്ദേഹത്തെ തല്‍ക്കാലം മത്സ്യമുതലാളിയെന്ന്‌ വിളിക്കാം. ഇയാള്‍ ഇങ്ങനെ വിളിക്കപ്പെടാന്‍ മറ്റൊരു കാരണംകൂടിയുണ്ട്‌. സാധാരണ മത്സ്യക്കച്ചവടക്കാരെപ്പോലെ ഇദ്ദേഹം വില്‌പനയില്‍ നേരിട്ട്‌ ഇടപെടാറില്ല. ഒരു നിരീക്ഷകനായങ്ങനെ കട്ടന്‍ ചായയും സിഗരറ്റുമടിച്ച്‌ മാറിയിരിക്കും. അത്യാവശ്യഘട്ടങ്ങളില്‍ മാത്രം നിര്‍ദ്ദേശം നല്‌കും. അതിലും അത്യാവശ്യമെങ്കില്‍ വില്‌പനക്കാരായ പയ്യന്‍സിനെ ചീത്തപറയും. അതാണ്‌ രീതി.

ഞാനും മത്സ്യമുതലാളിയും തമ്മിലുള്ള ബന്ധം ഡീലര്‍- കസ്റ്റമര്‍ നിലവാരത്തില്‍ ഒതുങ്ങുന്നതല്ല. ഒരു പത്രക്കാരനായതുകൊണ്ടായിരിക്കാം അതിനപ്പുറം സ്‌നേഹവും ബഹുമാനവും അദ്ദേഹം എനിക്ക്‌ കനിഞ്ഞു നല്‍കാറുണ്ട്‌. അതിന്റെ ഗുണം മത്സ്യത്തിന്റെ വിലയിലും എണ്ണത്തിലും എല്ലാം കാണാം. ഞാന്‍ ബൈക്ക്‌ നിര്‍ത്തിയാല്‍ ഉടന്‍ മത്സ്യമുതലാളി ഒന്ന്‌ എണീറ്റുനില്‍ക്കും. കുശലം ചോദിക്കും. അടുത്ത ദിവസം ഇറങ്ങാന്‍പോകുന്ന പത്രത്തില്‍ മികച്ചയിനം വാര്‍ത്തകളെന്തെങ്കിലുമുണ്ടോ എന്നായിരിക്കും ആദ്യചോദ്യം. അദ്ദേഹത്തിന്‌ താല്‌പര്യക്കൂടുതലുള്ള വാര്‍ത്തയാണെങ്കില്‍ അതിനെക്കുറിച്ച്‌ ഒന്നോ രണ്ടോ കമന്റ്‌ പറയും. ഇതിനിടയില്‍ അന്നേ ദിവസത്തെ പത്രത്തിന്റെ ഒരു കോപ്പി ഞാനദ്ദേഹത്തിന്‌ നല്‍കും.

പിന്നെ മീനിന്റെ വിശേഷത്തിലേക്ക്‌ കടക്കും. ഞാന്‍ ഏത്‌ മീന്‍ വാങ്ങണം എത്ര വാങ്ങണമെന്ന്‌ തീരുമാനിക്കുന്നതൊക്കെ അദ്ദേഹംതന്നെയാണ്‌.

പുതുവര്‍ഷ രാവില്‍ ഞാന്‍ പതിവിലും താമസിച്ചാണ്‌ ഓഫീസില്‍നിന്നിറങ്ങിയത്‌. അതുകൊണ്ടുതന്നെ മത്സ്യമുതലാളിയും സംഘവും സ്ഥലംവിട്ടുകാണുമെന്ന്‌ കരുതി. എന്നാല്‍ മത്സ്യ മുതലാളിയെ അതേ സ്ഥാനത്തുതന്നെ കണ്ട ഞാന്‍ ബൈക്ക്‌ നിര്‍ത്തി സല്യൂട്ടടിച്ചു. മുതലാളി ഏകനാണ്‌. സംഘം കുറേ മുമ്പുതന്നെ സ്ഥലം വിട്ടിരിക്കാം. ഒഴിഞ്ഞ മീന്‍ പലകയിലൊന്നില്‍ അരണ്ട വെളിച്ചം പരത്തുന്ന മെഴുകുതിരി അണയാനുള്ള തത്രപ്പാടിലാണ്‌. മുതലാളിയിരിക്കുന്ന കസേരക്കു തൊട്ടടുത്തായി ഒരു പൂച്ചയും മൂന്ന്‌ നാല്‌ മക്കളും സര്‍ക്കസ്സ്‌ കാണിക്കുന്നു. ഇത്‌ നോക്കി രസിച്ച്‌ കിടക്കുകയാണ്‌ ഒരല്‌പം അകലെ നല്ല ഒന്നാന്തരം ഒരു നായ.

മീനൊക്കെ തീര്‍ന്നല്ലോ മാഷേ മത്സ്യ മുതലാളി പതിവുപോലെ എഴുന്നേറ്റുനിന്ന്‌ കുശലാന്വേഷണം തുടങ്ങി. ‘ഇന്നെന്താ വൈകിയോ…?’
“നാളെ പുതുവര്‍ഷമല്ലേ, പത്രമൊന്നു മെച്ചപ്പെടുത്തികളയാം എന്നുകരുതി. നിങ്ങള്‍ പുതുവര്‍ഷം ആഘോഷിക്കാനൊന്നും പോയില്ലേ’ ഞാന്‍ തിരിച്ചു ചോദിച്ചു.
“നമ്മുടെ ആഘോഷമൊക്കെ എന്നെ തീര്‍ന്നതല്ലെ മാഷേ മുതലാളി ഒന്നു ചിരിച്ചു. അല്ല മാഷുക്കുമുണ്ടോ പുതുവര്‍ഷമൊക്കെ?”
“അതിപ്പോ എല്ലാവര്‍ക്കുമുള്ളതല്ലെ? കഴിഞ്ഞത്‌ പഴയത്‌, വരാനിരിക്കുന്നത്‌ പുതിയത്‌…!”
“എവടെ” മത്സ്യ മുതലാളിയൊന്ന്‌ ദീര്‍ഘമായി നിശ്വസിച്ചു.
“ഒക്കെ ഓരോ തോന്നലാണ്‌. എന്നെപോലുള്ളവര്‍ക്ക്‌ വര്‍ഷം ഒരിക്കലും പുതിയതാവ്‌ണില്ല്യ. ദെവസവും മാസവും വര്‍ഷവും ഒക്കെ അങ്ങനെ തീര്‍ന്നു പോവാണ്‌….”

വിശപ്പ്‌ കഠിനമായതുകൊണ്ട്‌ കൂടുതല്‍ തത്വശാസ്‌ത്രം കേള്‍ക്കാന്‍ പാകത്തിലായിരുന്നില്ല ഞാന്‍. ഒരു ഉപസംഹാരം നടത്തി സ്ഥലം വിട്ടുകളയാമെന്ന ലക്ഷ്യത്തോടെ ഞാന്‍ ചോദിച്ചു : “കച്ചവടം കഴിഞ്ഞിട്ടും എന്താ വീട്ടില്‍പോകാത്തത്‌; സമയം ഒരുപാടായല്ലോ.”

“അതാ മാഷേ ഞാന്‍ പറഞ്ഞത്‌. വര്‍ഷം പുതിയതായതുകൊണ്ടോ പഴയതായതുകൊണ്ടോ ഒന്നും നമുക്കൊരു ഗുണവുമില്ലാന്ന്‌… സമാധാനമായൊന്ന്‌ ഭക്ഷണം കഴിക്കാന്‍ കഴിയണം. കിടന്നുറങ്ങാന്‍ കഴിയണം. സന്തോഷത്തോടെ ചിരിക്കാനാവണം. പിന്നെ…… ഇങ്ങനെയൊക്കെയായാല്‍ എല്ലാ ദിവസവും പുതിയതാണ്‌. ആഘോഷവുമാണ്‌. അല്ലെങ്കില്‍ വര്‍ഷം മാറിയാലെന്ത്‌, മറിഞ്ഞാലെന്ത്‌….”

ഞാന്‍ ശരിക്കുമൊന്നമ്പരന്നു. മുമ്പിലിരിക്കുന്നത്‌ മത്സ്യ മുതലാളിയോ, മഹാനായ ഒരു തത്വചിന്തകനോ?….. ബൈക്കിന്റെ കിക്കറില്‍നിന്ന്‌ കാലെടുത്ത്‌ ഞാനൊന്ന്‌ ചാഞ്ഞിരുന്നു.

“ഇപ്പറഞ്ഞതിനൊന്നും നിങ്ങള്‍ക്ക്‌ കുറവൊന്നുമില്ലല്ലോ”
“അത്‌ നിങ്ങക്ക്‌ തോന്ന്‌ണതാ മാഷേ തികഞ്ഞ നിരാശയോടെ അദ്ദേഹം മന്ത്രിച്ചു. വീട്ടിലൊരിത്തിരി സമാധാനം കിട്ടിയിരുന്നെങ്കില്‍ ഞാനീ നട്ടപ്പാതിരക്ക്‌ ഇവിടെ ഇങ്ങനെ ഇരിക്കായിരുന്നോ? കെട്ട്യോളും കുട്ട്യോളും ഉറങ്ങാന്‍ കാത്തിരിക്ക്യാ ഞാന്‍. അവരുറങ്ങീട്ട്‌ കക്കാന്‍ കേറ്‌ണപോലെ വേണം വീട്ടിനുള്ളില്‍ കടക്കാന്‍. ഒച്ചയും ബഹളവുമുണ്ടാക്കാതെ എവടെയെങ്കിലും ഒരു പായ വിരിച്ച്‌ കിടക്കും. സുബ്‌ഹിക്ക്‌ ഇറങ്ങിപ്പോരും. പിന്നെ കാര്യങ്ങളൊക്കെ ഇങ്ങനെപോകും. ഇതിലെവിടാ ആഘോഷം…
മാഷ്‌ ഒരു കട്ടനടിക്കുന്നോ”
“ആവാം” ഞാന്‍ തലയാട്ടി.

മത്സ്യ മുതലാളി ഫ്‌ളാസ്‌കില്‍നിന്ന്‌ ഇത്തിരി സുലൈമാനി ഗ്ലാസില്‍ ഒഴിച്ച്‌ എനിക്കുനേരെ നീട്ടി. നല്ല ചൂടുള്ള ഒന്നാന്തരം കട്ടന്‍സിനെ ഒന്നടിച്ചപ്പോള്‍ എനിക്ക്‌ പുതിയൊരു ഉന്മേഷം കിട്ടി. മത്സ്യ മുതലാളി ഒരു സിഗരറ്റിന്‌ തീ കൊടുത്തശേഷം എന്റെ അടുത്തേക്ക്‌ നീങ്ങിനിന്നു.

“മാഷിന്റെ ഭാര്യ ഇപ്പോള്‍ ഉറങ്ങിക്കാണോ?”
“ചിലപ്പോള്‍” – ഞാന്‍ പറഞ്ഞു.
“മാഷ്‌ വീട്ടിലെത്തിയാല്‍ മൂപ്പത്തി എണീറ്റ്‌ വര്വോ?”
“തീര്‍ച്ചയായും”
“ചോറു വിളമ്പിത്തര്വോ?”
“അതാണ്‌ പതിവ്‌”
“നല്ലത്‌!”
“എങ്ങിനെ ആള്‌, സ്‌നേഹമുള്ള കൂട്ടത്തിലാണോ”
“കുഴപ്പമില്ല. ഇതുവരെ സ്‌നേഹക്കുറവൊന്നും കാണിച്ച്‌ കണ്ടില്ല”
“എങ്കില്‍ മാഷ്‌ ഭാഗ്യവാനാ…. കുടുംബത്തില്‍ സ്‌നേഹവും പരസ്‌പര ബഹുമാനവുമുണ്ടെങ്കില്‍ ജീവിതത്തിനൊരര്‍ത്ഥമുണ്ടാകും. അല്ലെങ്കില്‍ എന്തുണ്ടായിട്ടെന്താ.”

മത്സ്യ മുതലാളി ഒന്നു ദീര്‍ഘമായി നിശ്വസിച്ചു. പുതുവര്‍ഷത്തിന്റെ ആവേശത്തിലാവാം ശക്തമായൊരു കാറ്റടിച്ചു. ഞാന്‍ കുറേക്കൂടി ബൈക്കിലേക്ക്‌ ചാഞ്ഞിരുന്നു മുതലാളിക്ക്‌ കാതോര്‍ത്തു. ജീവിതത്തിന്റെ അനര്‍ത്ഥങ്ങളെക്കുറിച്ച്‌ പറഞ്ഞുകൊണ്ടിരിക്കുകയാണ്‌ മുതലാളി.

ദുരിതപൂര്‍ണമായ ഒരു കുട്ടിക്കാലമായിരുന്നു അത്‌. നന്നെ ചെറുപ്പത്തില്‍തന്നെ ജോലി ചെയ്യാന്‍ തുടങ്ങിയതാണ്‌. മീന്‍ കച്ചവടത്തിലൂടെ കുറേയേറെ സമ്പാദിച്ചു. അതിന്റെ പത്രാസിനൊത്ത ഒരു ഭാര്യയെയും കണ്ടെത്തി. മക്കളായി. അവര്‍ വളര്‍ന്നുവലുതായി. കച്ചവടത്തിന്റെ തിരക്കിനിടയില്‍ മക്കളെ ലാളിക്കാനൊന്നും ഏറെ സമയം കിട്ടിയിട്ടില്ല. എങ്കിലും അവരുടെ ആവശ്യങ്ങളൊക്കെ നടത്തികൊടുത്തു. പണത്തിന്റെ കുറവില്‍ അവര്‍ക്കൊന്നും കിട്ടാതെ പോവരുതെന്ന്‌ നിര്‍ബന്ധമുണ്ടായിരുന്നു…

ക്രമേണ സ്ഥിതി മാറി. മക്കളുടെ ആവശ്യങ്ങളുടെ പട്ടിക കൂടിവന്നു. ഭാര്യയുടെ ആഢംബരത്തിന്‌ വേഗംകൂടി. ഇതോടൊപ്പം മത്സ്യ മുതലാളി വീട്ടില്‍ ഒരനാവശ്യവസ്‌തുവായി രൂപപ്പെട്ടുകൊണ്ടിരുന്നു. ഉമ്മയും മക്കളും സംയുക്തമായി വീടുഭരിച്ചു.

മൂത്തമകനായിരുന്നു കാര്യക്കാരന്‍. ബാപ്പ അവന്റെ പത്രാസിനൊപ്പം വരില്ലെന്ന്‌ ഓരോ ചലനത്തിലും അവന്‍ തെളിയിച്ചു. ബാപ്പയും മക്കളും തമ്മിലുള്ള ജനറേഷന്‍ ഗ്യാപ്പ്‌ വര്‍ദ്ധിച്ചുവന്നപ്പോള്‍ ഉമ്മ മക്കളോടൊപ്പം ചേര്‍ന്നു. വീട്ടില്‍ കലാപത്തിന്റെ കൊടിയുയര്‍ന്നു.

ഇപ്പോള്‍ മക്കള്‍ക്ക്‌ അവരുടെ വീതം വേണം. ജീവനുണ്ടെങ്കില്‍ കൊടുക്കില്ലെന്ന്‌ മത്സ്യ മുതലാളി. ജീവന്‍ പോക്കിയാണെങ്കിലും അത്‌ നേടിയെടുക്കുമെന്ന്‌ മക്കളും. അവര്‍ വിഷംതന്നോ കഴുത്ത്‌ ഞെരിച്ചോ കൊന്നാലോ എന്നൊരു ഭയമില്ലാതില്ല…..

ആട്ടും തുപ്പും സഹിച്ച്‌ ശീലമില്ലാത്തതുകൊണ്ട്‌ മക്കളോടും ഭാര്യയോടും കലഹിക്കുകമാത്രമല്ല മിണ്ടാതെയും നടന്നിട്ടുണ്ട്‌. ഇന്ന്‌ വീടൊരു യുദ്ധഭൂമിയാണ്‌. അതുകൊണ്ട്‌ ഭാര്യയെയും മക്കളെയും നേരില്‍ കാണാനുള്ള അവസരം പരമാവധി ഒഴിവാക്കുന്നു.

പീഡാനുഭവങ്ങള്‍ വിവരിച്ചശേഷം മത്സ്യമുതലാളി മറ്റൊരു സിഗരറ്റിന്‌ തീ കൊളുത്തി. ഒരു കവിള്‍ പുക നീട്ടി ഊതിയശേഷം അദ്ദേഹം തുടര്‍ന്നു:
“അതാണ്‌ മാഷേ പറയ്‌ണത്‌…. സമാധാനവും ശാന്തിയുമില്ലാത്തവനും ഉടുതുണിക്ക്‌ മറുതുണിയില്ലാത്തവനുമൊന്നും ആഘോഷമില്ല. അവന്റെ ഉള്ളിലെ തീയില്‍ എല്ലാം കത്തിതീര്‍ന്നുപോകും.’

സംസാരത്തിന്റെ നീണ്ട ഇടവേളക്കിടയില്‍ മത്സ്യ മുതലാളി സിഗരറ്റ്‌ വലിച്ചുകൊണ്ടേയിരുന്നു. ആ നിശ്ശബ്‌ദത എന്നെ പേടിപ്പെടുത്തി. എങ്കിലും അത്‌ തകര്‍ക്കാനുള്ള വാക്കുകളൊന്നും എന്റെ കയ്യിലില്ലായിരുന്നു. കുറേ നേരത്തിനുശേഷം മത്സ്യ മുതലാളിതന്നെയാണ്‌ സമയത്തെക്കുറിച്ച്‌ എന്നെ ഓര്‍മ്മിപ്പിച്ചത്‌.
new year2
“നേരം കുറെ ആയല്ലോ മാഷേ, കെട്ട്യോള്‌ കാത്തിരിക്കും. മാഷ്‌ പൊയ്‌ക്കോളൂ’ ഞാന്‍ വാച്ചിലേക്ക്‌ നോക്കി. ഇടക്കെപ്പോഴോ പുതുവര്‍ഷം പുലര്‍ന്നിരിക്കുന്നു. ലോകം ആഘോഷത്തിന്റെ നെറുകെയിലാവാം. പാട്ടും ഡാന്‍സും ഹാപ്പി ന്യൂ ഇയര്‍ വിശേഷങ്ങളും….

അത്ഭുതംതന്നെ! ഞങ്ങള്‍ രണ്ടാള്‍ക്കുമിടയില്‍ വര്‍ഷത്തിന്റെ മാറ്റം ഒരു ചലനവും സൃഷ്‌ടിച്ചില്ല. ഓര്‍ത്തപ്പോള്‍ എനിക്കെന്തോ ജാള്യത തോന്നി. ഇതെന്തൊരാഘാഷം… ഇതാണോ ആഘോഷം…

കാലം കുറേ കഴിഞ്ഞുപോയിരിക്കുന്നു. പക്ഷേ, ഡിസംബറിന്റെ ആ അവസാന രാത്രിയില്‍ തണുത്ത്‌ വിറച്ച്‌ റോഡരികില്‍ ഏകനായിരിക്കുന്ന ആ മനുഷ്യന്‍ ഇന്നും എന്റെ മനസ്സില്‍നിന്ന്‌ മാഞ്ഞുപോയിട്ടില്ല. അയാളുടെ വാക്കുകള്‍ എന്നും ഉള്ളിലുണ്ട്‌. വല്ലപ്പോഴും ഭാര്യയോട്‌ വഴക്കിടേണ്ടിവരുമ്പോള്‍ ഞാനാമന്ത്രം ഉരുവിടും.

“പ്രിയപ്പെട്ടവളേ, നാം കലഹിക്കരുത്‌. നമുക്കിടയില്‍ കലഹം വന്നാല്‍ ജീവിതത്തിന്റെ ആഘോഷം തീര്‍ന്നുപോകും. അതങ്ങിനെ തീര്‍ന്നേ പോവും….