ഞാന്‍ വെറും ഹബീസിയല്ല. ഹബീബ് റഹ്‌മാന്‍ ആണ്. ചോയിച്ചന്‍കണ്ടിയില്‍ എന്ന വീട്ടുപേരിന്‍റെ ആദ്യാക്ഷരമായ ‘സി’ കൂടെ ചേര്‍ന്നാല്‍ നാമധേയം പൂര്‍ണമായി.
എഴുത്തും വായനയും വരയും യാത്രകളുമായി ഒരുപാടു ജീവിതം കഴിഞ്ഞുപോയി. വിദ്യാഭ്യാസം മുണ്ടുമുഴി യു.പി സ്കൂളില്‍ നിന്ന് തുടങ്ങി വാഴക്കാട് ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ ,ഫാറൂക്ക് കോളേജ് വഴി അലിഗര്‍ മുസ്ലിം യൂണിവേഴ്സിറ്റിയില്‍ അവസാനിപ്പിച്ചു. പത്രപ്രവര്‍ത്തന പഠനത്തിലാണതു നിന്നുപോയത്. കൂടുതല്‍ കാലം ചെയ്ത ജോലിയും പത്രപ്രവര്‍ത്തനം തന്നെ (ഇപ്പോഴും ഒരു പത്രപ്രവര്‍ത്തകന്റെ ശരീര ഭാഷയും ആംഗ്യഭാഷയുമൊന്നും കൈവിട്ടിട്ടില്ല).
ഹബീബ് ഊര്‍ക്കടവ് എന്ന പേരില്‍ എഴുത്താരംഭിച്ചു. വാഴക്കാട് ഗ്രാമപഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് ഊര്‍ക്കടവ്. ഇവിടെ ജനിച്ചത് കൊണ്ട് ഗ്രാമം മൊത്തമായി തീരെഴുതിയെടുക്കുന്നത് ശരിയാണോ എന്ന് പിന്നീട് സംശയം തോന്നി. ഊര്‍ക്കടവ് ഗ്രാമത്തില്‍ ഇനിയും ഹബീബുമാര്‍ പിറവിയെടുത്തേക്കാം. അവര്‍ക്ക് കൂടി ഉള്ളതല്ലേ ഈ ഗ്രാമം? അങ്ങനെ എഴുത്തുകുത്തുകള്‍ ‘ഹബീബ് സി.’ എന്ന പേരിലേക്ക് മാറ്റി. പെരിലെന്താണ് ഹെ ഒരു കുത്ത് എന്ന് പിന്നീടാണ് ശങ്കയുദിച്ചത്. അതോടെ ‘ബ്’ എന്ന അക്ഷരവും കുത്തും ഒരുമിച്ചു കളഞ്ഞു. അങ്ങനെ ഹബീസി പിറവിയെടുത്തു. ആദ്യകാലങ്ങളിലൊക്കെ ഈ തൂലികനെ കൊണ്ട് പല ഉപകാരങ്ങളുമുണ്ടായിരുന്നു. ഹബീസി ആരാണെന്ന് കൂട്ടുകാര്‍ക്ക് പോലും അറിയില്ലായിരുന്നത് കൊണ്ട് തോന്നിയതുപോലെയൊക്കെ എഴുതി. പിന്നീട് ഹബീസിയെ ചുറ്റുവട്ടത്തുള്ളവര്‍ക്ക് അറിയാമെന്നായപ്പോള്‍ പല തൂലികാനാമങ്ങളും മാറി മാറി പ്രയോഗിച്ചു. ആയിരത്തൊന്നു തൂലികാനാമങ്ങളില്‍ ഗിന്നസില്‍ കടന്നു കൂടിയാലോ എന്നായിരുന്നു ഒരു കാലത്തെ ചിന്ത. പക്ഷെ നടന്നില്ല. കുറെ കഴിഞ്ഞപ്പോള്‍ മടുത്തു. ഒരു പത്തമ്പത് തൂലികാ നാമങ്ങളില്‍ എഴുതിക്കാണുമെന്നാണ് ഓര്‍മ്മ. ഒരു റെക്കോഡ് തകര്‍ക്കാനുള്ള ആരോഗ്യമില്ലാതായി പോയാല്‍ എന്ത് ചെയ്യും?
ഒരു കാലത്ത് എഴുത്തോടെഴുത്തു തന്നെയായിരുന്നു, എഴുത്ത് ശരിക്കും ഗുണം ചെയ്തത് മാവൂര്‍ ഗ്രാസിം ഇന്‍ഡസ്ട്രീസിലെ ജല – വായു മലിനീകരണം വിഷയമാക്കിയപ്പോഴാണ്. ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങളില്‍ നിന്ന് ഒരു ജനതയെ രക്ഷിക്കാനുള്ള പോരാട്ടത്തിന് വലിയ തോതില്‍ ഗുണം ചെയ്തു അന്നത്തെ എഴുത്തുകള്‍ എന്നാണു എന്റെ വിശ്വാസം. മൂന്നു നോവലുകളും പത്തിരുപതു കഥകളും എഴുതി. നോവലുകളില്‍ രണ്ടെണ്ണം ചിന്താ പബ്ലിഷേഴ്സ് പുസ്തക രൂപത്തില്‍ പുറത്തിറക്കി. ‘അസമയം’ എന്ന സയന്‍സ് ഫിക്‌ഷന്‍, ന്യൂ ബുക്സാണ് പുറത്തിറക്കിയത്. കഥകളും നോവലുകളും എഴുതിയതിന്റെ കണക്ക് ഏറെക്കുറെ കൃത്യമായി അറിയാമെങ്കിലും ലേഖനങ്ങളും മിഡില്‍ പീസുകളുമൊന്നും ഇപ്പോള്‍ കണക്കിലില്ല. അവയില്‍ എത്രയെണ്ണം ജീവിചിരിക്കുന്നുണ്ടെന്ന് ആര്‍ക്കറിയാം? എഴുതിയതൊക്കെയും എഴുതേണ്ടത് തന്നെയായിരുന്നോ എന്നും സംശയമുണ്ട്.
പത്രപ്രവര്‍ത്തകനായിരിക്കെയാണ് ഏറ്റവും കൂടുതല്‍ എഴുതിയത്. പിന്നീട് ഓര്‍ക്കാപ്പുറത്ത് ഗള്‍ഫിലേക്ക് നാടുകടന്നപ്പോള്‍ എഴുത്തിന് സഡന്‍ബ്രേക്കിട്ടു. അഞ്ചാറു കൊല്ലം ഒന്നും എഴുതിയതേയില്ല. സുഹൃത്തുക്കളാണ് തട്ടിയുണര്‍ത്തിയത്. എഴുത്ത് വരണ്ടുണങ്ങി പോകുമെന്ന് അവര്‍ ഓര്‍മപ്പെടുത്തികൊണ്ടേയിരുന്നു. അങ്ങിനെ വീണ്ടും പേനയെടുത്തു. പിറവിയിലെയുള്ളത് കുളിച്ചാല്‍ പോകില്ലെന്ന് പണ്ടാരോ പറഞ്ഞു വെച്ചതെത്ര നന്നായി. എഴുത്തിന്‍റെ ഉറവ വറ്റിയില്ലെന്നത് വലിയൊരാശ്വാസമായി എനിക്ക് തോന്നി. അതൊക്കെ ശരി,പക്ഷെ വായനക്കാര്‍ക്ക് എന്ത് തോന്നുന്നു എന്നതാണല്ലോ പ്രധാനം. ജനം കൂവി തുടങ്ങുമ്പോള്‍ നടന് അഭിനയം നിര്‍ത്താനാവില്ലെങ്കിലും അഭിനയ ജീവിതത്തില്‍ അയാള്‍ക്ക് അതൊരു പാഠമാവണം. വായനക്കാര്‍ തിരിഞ്ഞു കുത്തുമ്പോള്‍ എഴുത്തുകള്‍ അവസാനിപ്പിക്കാന്‍ ആവില്ലെന്നറിയാം. എങ്കിലും ഒരു തിരുത്തിയെഴുത്തിന് അതുപകരിക്കും. അതുകൊണ്ട് വായനയില്‍ നിങ്ങള്‍ക്ക് തോന്നുന്നത് സത്യസന്ധമായി പറഞ്ഞു സഹായിക്കുക.
കുടുംബത്തെ കുറിച്ചു കൂടി പറയാം.
മക്കള്‍ മൂന്ന്.
ഷാമില്‍ റഹ്‌മാന്‍, ഷാലിനാ റഹ്‌മാന്‍, ഷാദിന്‍ റഹ്‌മാന്‍.
ഭാര്യ ഒന്ന് – വി.പി. സാജിറ ഹബീബ്.