ജാലവിദ്യക്കാരന് ഒരുപാടു കാര്യങ്ങള്‍ കാഴ്ചക്കാരില്‍ നിന്ന് ഒളിച്ചു വെക്കുന്നുണ്ട്. പക്ഷെ കാഴ്ച്ചക്കാരില്ലെങ്കില് അയാളുടെ കണ്കെട്ടു വിദ്യകള്‍ കൊണ്ട് പ്രയോജനമൊന്നുമില്ല. ഇതുപോലൊരു ബന്ധം തന്നെയാണ് വായനക്കാരും എഴുത്തുകാരനും തമ്മിലുള്ളത്. എഴുത്തുകാരന് ആറ്റിക്കുറുക്കിയുണ്ടാക്കുന്നത് വായനക്കാരന് വേണ്ടിയാണ്. വായനക്കാരില്ലെങ്കില്‍ എഴുത്തുകാരന് എന്ത് പറഞ്ഞിട്ടെന്താ കാര്യം ?
അതുകൊണ്ട് പരസ്പരം അറിഞ്ഞും പറഞ്ഞും കണ്ടും കൊടുത്തും രസിച്ചും രസിപ്പിച്ചും ബോറടിച്ചും ബോറടിപ്പിച്ചും നമുക്ക് മുന്നോട്ടു പോകാം. ഒരുതരം കൂട്ടുകുടുംബ വ്യവസ്ഥയിലാണീ വെബ്സൈറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. പോയ കാലത്തെ പഴയൊരു തറവാട് പോലെ… എങ്ങിനെ വേണമെങ്കിലും നിങ്ങള്‍ക്കിവിടേക്ക് കയറി വരാം. വീട്ടുകാരനയിട്ടോ അതിഥിയായിട്ടോ വിമര്‍ശകനോ വിദൂഷകനോ ആയിട്ടോ വന്നോളൂ. തോന്നുമ്പോള്‍ ഇറങ്ങി പോവുകയുമാവാം.
അടുക്കും ചിട്ടയുമില്ലാത്ത ചിന്തകളാണിതിനുള്ളില് നിറയെ. പൊട്ടിപ്പൊളിഞ്ഞ ഒരു ലോകത്ത് ജീവിച്ചതിന്റെ കുഴപ്പമാണത്. പഴങ്കഞ്ഞിയും പാല്പായസവും സമാസമം ചേര്‍ത്തു കഴിച്ചിട്ടുണ്ടോ നിങ്ങള്‍ ? ഒന്ന് പരീക്ഷിച്ചു നോക്കൂ. ഒരു പുതിയ വിഭവമായി നിങ്ങള്ക്കതനുഭവപ്പെട്ടേക്കാം ചിലപ്പോള്‍. ഇങ്ങനെ കിട്ടുന്നത് കൊണ്ട് മാത്രം തൃപ്തിപെടണമെന്നില്ല നിങ്ങള്‍. കൂടുതല്‍ മികച്ചതാവശ്യപ്പെടാം. ചിലപ്പോള്‍ എഴുത്തുകാരന് പറഞ്ഞതിനേക്കാള്‍ ഏറെ നിങ്ങള്‍ക്ക് പറയാനുണ്ടാവും. അതും കൂടി സംഭാവനകളായി ഇങ്ങോട്ട് പോന്നോട്ടെ. അതാണല്ലോ അതിന്റെയൊരു ശരിയും.