അയല്‍പക്കവും അകലെയാണ്‌

പ്രവാസ ജീവിതത്തിന്റെ ആദ്യകാലത്ത്‌ എന്നെ ഏറ്റവും കുടുതല്‍ അലട്ടിയ പ്രശ്‌നം കുട്ടികള്‍ക്ക്‌ നഷ്‌ടപ്പെടുന്ന അവരുടെ ബാല്യകാല സന്തോഷങ്ങളായിരുന്നു. ഫ്‌ളാറ്റിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോകുന്ന കുട്ടികളുടെ ജീവിതം എന്നെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു. എല്ലാം ഇട്ടെറിഞ്ഞ്‌ തിരിച്ചുപോവാന്‍ പലവുരു ചിന്തിച്ചതാണ്‌. പക്ഷെ, തേനൂറുന്ന മണവും ഗുണവുമുള്ള ചക്കച്ചുള തേടിയെത്തിയ ഈച്ചയുടെ അവസ്ഥയിലാണല്ലോ മിക്ക പ്രവാസികളും..!

Ayalpakkavum akaleyanu1

വിശാലമായ കളിമുറ്റവും പച്ചപ്പുനിറഞ്ഞ പറമ്പും സ്‌നേഹസമ്പന്നരായ അയല്‍ക്കാരുമെല്ലാമുള്ള നല്ലൊരു നാട്ടിന്‍പുറത്ത്‌ നിന്ന്‌ ഗള്‍ഫിലെത്തിയതിന്റെ പൊരുത്തക്കേട്‌ ഞാനും കുടുംബവും ഒരു പാട്‌ കാലംഅനുഭ വച്ചിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ കുറേയെങ്കിലും ഒഴിവാക്കാന്‍ നല്ല അയല്‍പക്കക്കാരെ തേടുകയായിരുന്നു ഭാര്യ, ആദ്യകാലങ്ങളില്‍.

പക്ഷെ അവളുടെ ആഗ്രഹത്തിനനുസരിച്ച്‌ ആരെയും കണ്ടെത്താനായില്ല. ഞങ്ങളുടെ ഫ്‌ളാറ്റിന്റെ തൊട്ടു മുന്നില്‍ ഒരു ശ്രീലങ്കന്‍ കുടുംബമായിരുന്നു താമസിച്ചിരുന്നത്‌. അവരുടെ ഫ്‌ളാറ്റിന്റെ വാതില്‍ തുറന്നു കാണുന്നത്‌ വളരെ അപൂര്‍വമായിരുന്നു. തൊട്ടടുത്ത ഫ്‌ളാറ്റിലെ മിസ്‌രിയും കുടുംബവും ഒന്നു നോക്കി ചിരിക്കുകപോലും ചെയ്യാതെയാണ്‌ കടന്നു പോവാറുള്ളത്‌.

പിന്നീട്‌ ഒറ്റപ്പെടലിന്റെ വേവലാതിയെക്കുറിച്ച്‌ പരാതി പറഞ്ഞ ഭാര്യയെ ഞാന്‍ ഓര്‍മപ്പെടുത്തി. “ഇത്‌ ഫ്‌ളാറ്റാണ്‌, ഇവിടെ അയല്‍ക്കാരില്ല. അന്യര്‍ മാത്രമേയുള്ളൂ”.

ഭാര്യ ഈ സത്യം ഉള്‍ക്കൊള്ളാന്‍ തയ്യാറായെങ്കിലും മക്കള്‍ കീഴടങ്ങിയില്ല. അവര്‍ കളിക്കൂട്ടുകാരെ അന്വേഷിച്ചുകൊണ്ടേയിരുന്നു. അവസാനം ഒരു ഹൈദരാബാദി കുടുംബത്തിലെ രണ്ടു കുട്ടികളെ അവര്‍ കണ്ടെത്തി. മിടുക്കരായ ആ കുട്ടികളോടൊപ്പം വൈകുന്നേരങ്ങള്‍ സമ്പന്നമാക്കാന്‍ ‘കുട്ടിപ്പടക്ക്‌’ കുറെയെല്ലാം കഴിഞ്ഞു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുന്ന ഈ ഹൈദരാബാദി സ്‌ത്രീയുടെ ദുരിതത്തെ കുറിച്ച്‌ ഭാര്യ പിന്നീടൊരിക്കല്‍ എന്നോട്‌ വിശദമായി പറഞ്ഞു. അവര്‍ മക്കളെ പോറ്റാന്‍ ശരിക്കും കഷ്‌ടപ്പെടുകയാണെന്നും മറ്റും…

പിതാവിന്റെ സ്‌നേഹവും സംരക്ഷണവും ലഭിക്കാത്ത ആ കുട്ടികളോട്‌ എനിക്ക്‌ കൂടുതല്‍ വല്‍സല്യം തോന്നി. അവരെ സ്‌നേഹത്തോടെ സ്വീകരിക്കാന്‍ ഞാനെന്റെ മക്കളെ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു.

Ayalpakkavum akaleyanu_2

അങ്ങനെ മാസങ്ങള്‍ കടന്നുപോയി. അവധിക്കാലത്തിന്റെ മധുരവുമായി ജൂലയ്‌ മാസമെത്താന്‍ പോവുന്നു. ഗള്‍ഫുകാരനായ ശേഷം നാട്ടിലേക്കുള്ള കന്നിയാത്രയ്‌ക്ക്‌ തയ്യാറെടുക്കുകയായിരുന്നു ഞാന്‍. നാട്ടില്‍ ഉപേക്ഷിച്ചു പോന്ന പലതും തിരിച്ചു പിടിക്കാനുള്ള അതിയായ കൊതിയോടെ ദിവസങ്ങളെണ്ണിയുള്ള കാത്തിരിപ്പ്‌. അതിനിടക്ക്‌ ഒരു ദിവസം ഭാര്യ പറഞ്ഞു. “ഹൈദരാബാദിയുടെ കുട്ടികള്‍ക്ക്‌ ചിക്കന്‍ പോക്‌സാണ്‌, അവര്‍ ഇന്നലെ കളിക്കാന്‍ വരാതിരുന്നത്‌ അതുകൊണ്ടായിരുന്നു പോലും”.

എന്റെ ഉള്ളിന്റെ ഉള്ളൊന്ന്‌ പിടഞ്ഞു. ഹൈദരാബാദിയുടെ മക്കളെ ഓര്‍ത്തുള്ള വേവലാതി കൊണ്ടായിരുന്നില്ല അത്‌, രോഗം എന്റെ കുട്ടികളിലേക്ക്‌ പകര്‍ന്ന്‌ കിട്ടിയാലുള്ള ഗതികേടോര്‍ത്തായിരുന്നു. കുട്ടികള്‍ക്ക്‌ ചിക്കന്‍പോക്‌സ്‌ വന്ന്‌ യാത്ര മുടങ്ങുന്ന കാര്യം എനിക്ക്‌ ചിന്തിക്കാനേ പറ്റിയില്ല. എന്റെ ടെന്‍ഷന്‍ മണത്തറിഞ്ഞ ഭാര്യ പരിഹാരം നിര്‍ദേശിച്ചു. അവരുടെ അസുഖം മാറുന്നത്‌ വരെ കുട്ടികളെ കളിക്കാന്‍ വിടേണ്ട…

ആദ്യം ഇതംഗീകരിക്കാന്‍ മക്കള്‍ തയ്യാറായില്ല. എന്നാല്‍ നാട്ടില്‍ പോവാന്‍ കഴിയാതെ വരുന്ന അവസ്ഥയെകുറിച്ച്‌ പറഞ്ഞ്‌ ഒരു കണക്കിന്‌ അവരെയും ‘വഴിക്ക്‌ കൊണ്ടു വന്നു’. എന്നിട്ടും മക്കള്‍ ഇടക്കിടെ സംശയം ചോദിച്ചുകൊണ്ടിരുന്നു. കളിക്കാതിരുന്നാല്‍ പോരെ, സംസാരിക്കുന്നത്‌ കൊണ്ട് കുഴപ്പമുണ്ടോ, തൊടുമ്പോഴല്ലെ രോഗം പകരുക എന്നൊക്കെ…

ഇതിനൊക്കെ മറുപടി പറഞ്ഞും പറയാതെയും കണ്ണുരുട്ടിക്കാണിച്ചും പേടിപ്പിച്ചുമൊക്കെ രണ്ടു മൂന്നു ദിവസം കടന്നു പോയി. ഒരു ദിവസം വൈകുന്നേരം ഞങ്ങള്‍ ചായ കുടിച്ചുകൊണ്ടിരിക്കെ നീട്ടിയുള്ള ബെല്ലടിയും വാതിലില്‍ ശക്തമായ മുട്ടും കേട്ടു. ഹൈദരാബാദി കുട്ടികളാണ്‌ ഇങ്ങനെ ചെയ്യാറ്‌. ആരും ശബ്‌ദിക്കരുതെന്ന്‌ ഞാന്‍ ചുണ്ടില്‍ വിരല്‍വെച്ച്‌ കുട്ടികളെ ഓര്‍മിപ്പിച്ചു. കുട്ടികള്‍ പലയാവര്‍ത്തി ബെല്ലടിച്ചെങ്കിലും ഞങ്ങളാരും അനങ്ങിയില്ല. അവസാനം നിരാശരായി അവര്‍ മടങ്ങിപ്പോവുന്നത്‌ വരെ ഞങ്ങള്‍ ശ്വാസം പിടിച്ചുള്ള ആ ഇരിപ്പ്‌ തുടര്‍ന്നു.

അടുത്ത ദിവസം അവര്‍ വന്നില്ല. എന്നാല്‍ അതിനടുത്ത ദിവസം കുട്ടികള്‍ വീണ്ടുമെത്തി. ഓഫിസില്‍ നിന്നു തിരിച്ചെത്തിയ ഞാന്‍ ഫ്‌ളാറ്റിലേക്ക്‌ കയറുമ്പോള്‍ അവര്‍ ഓടി വരികയായിരുന്നു. ഉടനെ ഞാന്‍ അകത്ത്‌ കയറി വാതിലടച്ചു. പക്ഷെ അവര്‍ വിട്ടില്ല. അങ്കിള്‍, അങ്കിള്‍.. എന്ന്‌ വിളിച്ചുകൊണ്ടവര്‍ വാതിലിന്‌ മുട്ടി. വാതില്‍ തുറക്കാന്‍ എന്റെ കൈകള്‍ ഒരാവര്‍ത്തി ഉയര്‍ന്നെങ്കിലും കന്നിയാത്ര മുടങ്ങിപ്പോവുന്ന കാര്യമോര്‍ത്ത്‌ പെട്ടെന്ന്‌ പിന്തിരിഞ്ഞു. പുറത്ത്‌ കുട്ടികള്‍ ബെല്ലടിയും വാതിലിനുമുട്ടും തുടര്‍ന്നു. ഇടക്കിടെ അവര്‍ എന്റെ മോളുടെ പേര്‌ വിളിക്കുന്നുണ്ടായിരുന്നു.

“ഷാലൂ… ഞങ്ങളുടെ രോഗം മാറി, ഞങ്ങളുടെ രോഗം മാറി… കളിക്കാന്‍ വാ…” എന്നവര്‍ ഇംഗ്ലീഷിലും ഹിന്ദിയിലും മാറി മാറി വിളിച്ചുപറയുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ നിന്നു വിയര്‍ത്തു. അവസാനം ഞാന്‍ വാതില്‍ തുറക്കാതെ തന്നെ വിളിച്ചു പറഞ്ഞു: ഷാലു ഇവിടെയില്ല, നിങ്ങള്‍ നാളെ വന്നോളൂ…

കുട്ടികള്‍ അത്‌ വിശ്വസിച്ചില്ലെന്നുറപ്പാണ്‌. എങ്കിലും പിന്നീടവര്‍ വാതിലിനു മുട്ടിയില്ല. നിരാശരായി അവര്‍ നടന്നു പോകുന്നതിന്റെ കാലൊച്ച ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. അതൊരു വല്ലാത്ത അസ്വസ്ഥത എന്നിലുണ്ടാക്കി. ഞാന്‍ സോഫയിലിരുന്ന്‌ താടിരോമങ്ങള്‍ പറിച്ചെടുത്ത്‌ വലിച്ചെറിഞ്ഞു കൊണ്ടേയിരുന്നു. അതിനടുത്ത രണ്ടു ദിവസങ്ങള്‍ ഞാന്‍ കുട്ടികളെയും കൊണ്ട്‌ ബിദാ പാര്‍ക്കില്‍ പോയതിനാല്‍ അയല്‍വാസി കുട്ടികളെ അഭി മുഖീകരിക്കേണ്ടി വന്നില്ല. മൂന്നാം ദിവസം ഓഫിസ്‌ കഴിഞ്ഞ്‌ വീട്ടിലെത്തിയ എന്നോട്‌ ഭാര്യ പറഞ്ഞു:
“അവര്‍ പോയി”
“ആര്‌?” ഞാന്‍ ചോദിച്ചു .
“ഹൈദരാബാദി സ്‌ത്രീയും മക്കളും“
“എങ്ങോട്ട്‌?“ ഒരു തരം വെപ്രാളത്തോടെയായിരുന്നു എന്റെ ചോദ്യം.
“അവര്‍ മടങ്ങിപ്പോവുകയാണ്‌ പോലും. ആ സ്‌ത്രീ ഇവിടെ വന്നിരുന്നു. അകത്തേക്കൊന്നും കയറിയില്ല. പുറത്തു തന്നെ നിന്ന്‌ അവര്‍ യാത്ര പറഞ്ഞു പിരിഞ്ഞു. മക്കളെവിടെയെന്ന്‌ ചോദിച്ചപ്പോള്‍ മനപ്പൂര്‍വം കൊണ്ടു വരാതിരുന്നുവെന്നും ഇവിടത്തെ കുട്ടികളെ പിരിയാന്‍ അവര്‍ക്ക്‌ സങ്കടം കാണും എന്നുമൊക്കെയായിരുന്നു മറുപടി. ഒരു പക്ഷെ അവര്‍ കരുതി ക്കാണും…”

ഭാര്യ പറഞ്ഞത്‌ മുഴുവന്‍ കേള്‍ക്കാന്‍ ഞാന്‍ നിന്നില്ല. “ഷാലൂ… ഞങ്ങളുടെ രോഗം മാറി… കളിക്കാന്‍ വാ…” എന്ന ദയനീയമായ ആ സങ്കടം പറച്ചില്‍ ഒരു തരം നിലവിളിയായി എന്റെ നെഞ്ചില്‍ കിടന്നു പിടക്കുകയായിരുന്നു. ഇന്നും ആ നിലവിളി എന്റെ കാതുകളിലുണ്ട്‌.

ഈ സംഭവത്തിന്‌ ശേഷം അയല്‍പക്ക ബന്ധത്തിന്റെ പ്രസക്തിയെ കുറിച്ചും മാനുഷിക ബന്ധങ്ങള്‍ക്കിടയില്‍ കാത്തു സൂക്ഷിക്കേണ്ട നന്മയെ ക്കുറിച്ചുമൊക്കെ എന്റെ മക്കളെ പഠിപ്പിക്കാന്‍ ഞാന്‍ പലവട്ടം ശ്രമിച്ചിട്ടുണ്ട്‌. പക്ഷെ, അവര്‍ക്കത്‌ ക്യത്യമായും മനസ്സിലായിട്ടുണ്ടൊ എന്നറിയില്ല. കാരണം ശാരാ കഹ്‌റുബയിലെ ആ ഫ്‌ളാറ്റില്‍ നിന്നും മറ്റൊരിടത്തേക്ക്‌ ഞാന്‍ താമസം മാറിയെങ്കിലും ഇവിടെയും അവര്‍ക്ക്‌ അയല്‍പക്കം അകലം തന്നെയായിരുന്നു. അടുത്ത മുറിയില്‍ ആരാണ്‌ താമസമെന്നോ അവര്‍ എവിടത്തുകാരാണെന്നോ ഞങ്ങള്‍ക്ക്‌ പോലുമറിയില്ല. പിന്നെ കുട്ടികള്‍ക്കെങ്ങെനെ മനസ്സിലാകും?

ഫ്‌ളാറ്റുകളിലെ ജീവിതം കുട്ടികള്‍ക്ക്‌ നഷ്‌ടപ്പെടുത്തുന്നത്‌ അവരുടെ ബാല്യകാല സന്തോഷങ്ങള്‍ മാത്രമല്ല, സമൂഹത്തില്‍ നിന്ന്‌ അവര്‍ പഠിക്കേണ്ട ഒട്ടനവധി കാര്യങ്ങള്‍ കൂടിയാണ്‌. ദിവസത്തിന്റെ മഹാഭൂരിപക്ഷവും ചാറ്റിങിനും കംപ്യൂട്ടര്‍ ഗെയ്‌മിനും മറ്റുമായി ചെലവിടുന്ന കുട്ടികളില്‍ നിന്ന്‌ നാം എന്തു തരം സാമൂഹ്യ പ്രതിബദ്ധതയാണ്‌ പ്രതീക്ഷിക്കേണ്ടത്‌? സാമൂഹികബന്ധങ്ങളുടെ ആദ്യപാഠം പഠിക്കേണ്ടത്‌ ട്വിറ്ററില്‍ നിന്നോ ഫെയ്‌സ്‌ബുക്കില്‍ നിന്നോ അല്ല, അയല്‍പക്കത്തു നിന്നാണ്‌. മറിച്ചാണെങ്കില്‍ തപാല്‍ വഴി നീന്തല്‍ പഠിക്കുന്നത്‌ പോലെയായിരിക്കുമത്‌. വള്ളം മുങ്ങുമ്പോള്‍ സ്വയം രക്ഷപ്പെടാനോ മറ്റുള്ളവരെ രക്ഷിക്കാനോ ഇവര്‍ക്കാവില്ല.

വാല്‍ക്കഷ്‌ണം: ഈയിടെ പുസ്‌തക രൂപത്തില്‍ പുറത്തിറങ്ങിയ ‘അസമയം’ എന്ന എന്റെ നോവല്‍ വായിച്ച ഒരു പ്രവാസി ഇമെയിലിലൂടെ ചോദിച്ചത്‌ ഇങ്ങനെയായിരുന്നു. “താങ്കളുടെ നോവലിലെ റോബിന്‍ എന്ന കുട്ടിയെ ഇത്ര ഭീകരമായി അവതരിപ്പിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിഞ്ഞു. ഈ കുട്ടി എന്നെ പേടിപ്പെടുത്തുന്നു. ഇവിടെ എന്നോടൊപ്പം തന്നെയുള്ള എന്റെ മക്കളൊക്കെയും റോബിന്റെ ചെറിയ പതിപ്പുകളായി മാറുകയാണോ എന്നും ഞാന്‍ ഭയപ്പെടുന്നു…. ആരെ മാതൃകയാക്കിയാണ്‌ താങ്കള്‍ റോബിനെ സൃഷ്‌ടിച്ചെടുത്തത്‌…?“ ഞാന്‍ മറുപടി പറഞ്ഞു. “പതിമൂന്നു വര്‍ഷങ്ങള്‍ക്ക്‌ മുമ്പെഴുതിയ നോവലാണത്‌. അന്ന്‌ റോബിന്‍ എന്റെ ഒരു ഭാവനാ സൃഷ്‌ടി മാത്രമായിരുന്നു. ഇന്നിപ്പോള്‍ അതല്ല; ഒരു പാട്‌ റോബിന്‍മാരെ ഞാന്‍ കണ്ടു കഴിഞ്ഞു. അവരുടെ എണ്ണം അതിവേഗം കൂടിക്കൊണ്ടിരിക്കുകയാണ്‌. ഒരു തലമുറയെ ഇങ്ങനെ രൂപം മാറ്റിയതില്‍ നിന്ന്‌ എനിക്കും നിങ്ങള്‍ക്കും ഒഴിഞ്ഞു നില്‍ക്കാനാവുമോ…?“

(തേജസിന്റെ, ഖത്തര്‍ ഒന്നാം വാര്‍ഷിക സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചത്)