സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ വഴിയോരക്കാഴ്‌ചകള്‍!

അലീഗര്‍ മുസ്ലിം യൂനിവേഴ്‌സിറ്റി കാംപസിനുള്ളിലൂടെ കടന്നുപോവുന്ന പ്രധാന റോഡിന്റെ ഇരുവശങ്ങളിലുമായി ഒന്നോ രണ്ടോ കിലോമീറ്റര്‍ ദൂരത്തിലൊതുങ്ങുന്ന സ്ഥലമാണു ചുങ്കി. എടുത്തുപറയാവുന്ന യാതൊന്നും ഇവിടെയില്ല. എന്നാല്‍ ഉണ്ട്‌ താനും. മുപ്പതോ നാല്‍പതോ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കേരളത്തിലെ ഗ്രാമങ്ങളില്‍ കണ്ടിരുന്ന ചായമക്കാനികളെക്കാള്‍ മോശമായ കുറെ ചായക്കടകള്‍. റോഡിന്റെ ഇരുവശങ്ങളിലുമായി നിരന്നു കിടക്കുന്ന ഈ പുല്‍ക്കൂടുകള്‍ക്കു മുമ്പിലെല്ലാം കുറെ കസേരകള്‍ നിരത്തിയിട്ടിരിക്കും. സംഗീതമാണു ഈ ചായമക്കാനികളുടെ ‘നിലവാര’മളക്കുന്നതിന്റെ പ്രധാന മാനദണ്ഡം. ഏറ്റവും മികച്ച പാട്ടുപെട്ടിയുപയോഗിച്ച്‌ ഏറ്റവും പുതിയ ഹിന്ദി ഗാനങ്ങളോ ഗസലോ കേള്‍പ്പിക്കാന്‍ കഴിയുന്നതാര്‍ക്കാണോ, അവര്‍ക്ക്‌ കൂടുതല്‍ ഇടപാടുകാരെ കിട്ടും.

അലീഗറിലെ വിദ്യാര്‍ഥി ജീവിതത്തെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ എന്റെ മനസിലാദ്യം ഓടിയെത്തുക നാട്ടിലെ ചായമക്കാനികളെയാണ്‌. സംഗീതം പരന്നൊഴുകുന്ന ചുങ്കികളെ വല്ലാത്തൊരു നൊസ്റ്റാള്‍ജിയയോടെ ഓര്‍ക്കാന്‍ മാത്രം ചുങ്കിക്കെന്തു പ്രത്യേകതയാണുള്ളതെന്നിപ്പോള്‍ വിസ്‌തരിച്ചു പറയാനാവില്ല. ചുങ്കിക്ക്‌ അതിന്റേതായൊരു സാംസ്‌കാരിക പാരമ്പര്യമുണ്ട്‌. അതാണ്‌ കാര്യം. അതിര്‍വരുമ്പുകളില്ലാത്ത സൗഹൃദം പൂത്തുലയുന്നിടമാണിത്‌. മടുപ്പും വിരസതയും അകറ്റി ക്രിയാത്മക ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേദിയൊരുക്കുന്ന സാംസ്‌കാരിക കേന്ദ്രം! ഭാവനയെ കയറൂരി വിട്ട്‌ അതിഗംഭീരമായ സ്വപ്‌നങ്ങള്‍ കാണാന്‍ ഇത്ര മികച്ചൊരു സ്ഥലം വേറെ കിട്ടില്ല. പലദേശക്കാരും ഭാഷക്കാരും രാജ്യക്കാരും ഇവിടെ ഒത്ത്‌ ചേരുന്നു. ഇവിടെയിരുന്നു ആരും കവിതയെഴുതാറില്ല, കഥയെഴുതാറില്ല, ചിത്രം വരയ്‌ക്കുകയോ പ്രസംഗിക്കുകയോ ചെയ്യാറില്ല. പക്ഷേ, അല്‍പകലാവാസനയുള്ളവരുടെ സര്‍ഗപ്രതിഭയെ ഉത്തേജിപ്പിക്കാന്‍ ഈ സ്ഥലം ഒരുപാട്‌ സഹായിച്ചിട്ടുണ്ടാവുമെന്നു തീര്‍ച്ച. ചുങ്കിയുടെ പ്രധാന പ്രത്യേകതയും ഇത്‌ തന്നെയാണ്‌.

കോഴിക്കോട്ടെ പഴയകാല മാനാഞ്ചിറ മൈതാനിക്കും പരിസര പ്രദേശദത്തിനുമുണ്ടായിരുന്ന ഇത്തരമൊരു പ്രത്യേകത. പഴയ സെന്‍ട്രല്‍ ലൈബ്രറി, ക്രൗണ്‍ തിയേറ്റര്‍ പരിസരം, എം.എ.എം പ്രസ്‌, ഒഡേസ പോലുള്ള ഫിലിം സൊസൈറ്റിക്കാരുടെ ഓഫീസുകള്‍, ജയകേരളം പോലുള്ള തൊഴിലാളിയും മുതലാളിയുമില്ലാത്ത ജനകീയ പ്രസിദ്ധീകരണങ്ങളുടെ ഓഫീസ്‌ തുടങ്ങി സര്‍ഗപ്രതിഭയുള്ളവര്‍ സംഗമിക്കുന്ന സ്ഥലങ്ങള്‍ ഏറെയുണ്ടായിരുന്നു. ഇതൊന്നും ഇപ്പോഴില്ല. മാനാഞ്ചിറ കോലവും ചേലും മാറി. പഴയ സെന്‍ട്രല്‍ ലൈബ്രറി പൊളിച്ചു ഫൈവ്‌സ്റ്റാര്‍ ലൈബ്രറിയാക്കി. ‘അല്‍അമീന്‍’ പോലുള്ള പത്രങ്ങള്‍ അടിച്ചിറക്കിയിരുന്ന എം.എ.എം പ്രസ്‌ പൊളിച്ചുപോയി. ജയകേരളം പോലുള്ള ജനകീയ പ്രസിദ്ധീകരണങ്ങളില്‍ ബഹുഭൂരിപക്ഷവും പൂട്ടി. ക്രൗണ്‍ തിയേറ്ററിന്റെ മുമ്പില്‍ നിന്നാല്‍ പോലും കാശ്‌ കൊടുക്കേണ്ട അവസ്ഥയാണിപ്പോള്‍.

പുരാണം പറഞ്ഞ്‌ മേനി നടിക്കാനല്ലാതെ അതിന്റെ യഥാര്‍ത്ഥ മേന്‍മ ഉള്‍ക്കൊള്ളാന്‍ മടിക്കുന്നവരാണു മലയാളികള്‍. പഴയ നല്ല ഒന്നാന്തരം തറവാട്‌ വീടുകള്‍ പൊളിച്ചടുക്കി കോണ്‍ക്രീറ്റ്‌ കൂടാരം പണിയുന്ന മലയാളി അതിന്റെ മുമ്പില്‍ പത്രാസിനൊരു ‘ചാരുപടി’ കെട്ടിയുണ്ടാക്കുന്നതു കാണാം. ആരെ തൃപ്‌തിപ്പെടുത്താനാണിതെന്നറിയില്ല. പൊളിച്ചടുക്കല്‍ പ്രക്രിയയുടെ ഭാഗമായി ഒരുപാട്‌ ചരിത്രസ്‌മാരകങ്ങള്‍ ഇതിനകം തന്നെ നമുക്ക്‌ കൈമോശം വന്നിട്ടുണ്ട്‌. ചരിത്രമെന്നതു നമുക്കൊരു കച്ചവട വസ്‌തു മാത്രമാണ്‌. നാല്‌ കാശ്‌ കിട്ടുമെങ്കില്‍ അതും വിറ്റു തുലയ്‌ക്കാന്‍ ഒരു മടിയുമില്ല. കേരളത്തില്‍ ആകെ മൊത്തം ‘മാഫിയ’കള്‍ പിടിമുറുക്കിയത്‌ ഈ സാംസ്‌കാരിക അധപതനത്തിന്റെ ഫലമല്ലാതെന്ത്‌!

പഴയതെല്ലാം തച്ചുടച്ച്‌ പണകൊഴുപ്പിന്റെയും പൊങ്ങച്ചത്തിന്റെയും ഒരു സങ്കരയിനം സംസ്‌കാരമാണു നാം വളര്‍ത്തിക്കൊണ്ടിരിക്കുന്നത്‌. അതിനിടയില്‍ വഴിയോര സാംസ്‌കാരിക പ്രവര്‍ത്തനത്തിനെവിടെയാണു സ്ഥാനം. ക്രിയാത്മക ചര്‍ച്ചകള്‍ക്ക്‌ സ്ഥിരം വേദിയാകാറുണ്ടായിരുന്ന പഴയ കോഫീ ഹൗസുകളും ചായമക്കാനികളുമൊന്നും ഇപ്പോഴില്ല. അതൊക്കെ വെറും വ്യാപാര സ്ഥാപനങ്ങള്‍ മാത്രം. ആ പഴയ കവികളും ചിത്രകാരന്‍മാരും ചിന്തകന്‍മാരുമൊക്കെ ഇപ്പോഴെവിടെയാണ്‌ സംഗമിക്കാറുള്ളതെന്നാര്‍ക്കറിയാം!

ഈ വിചാരണ ഇവിടെ അവസാനിപ്പിക്കുകയായിരിക്കും ഭംഗി. ‘ഒന്നും പറഞ്ഞിട്ട്‌ കാര്യമില്ലപ്പാ’ എന്ന്‌ മലയാളി സ്റ്റൈലില്‍ തന്നെ വിധിയെഴുതി ഒരു ഫുള്‍സ്റ്റോപ്പിട്ടേക്കാം. അല്ലെങ്കില്‍ തന്നെ ഒരു കോലവുമില്ലാത്ത അനുകരണങ്ങള്‍ കൊണ്ട്‌ കോലം കെട്ടുപോയ മലയാളിത്തത്തെ വിചാരണ ചെയ്യുകയല്ലല്ലോ നമ്മുടെ ലക്ഷ്യം. നാം തച്ചുടച്ച്‌ കളയുന്നത്‌ ചിലര്‍ നട്ടുനനച്ചുണ്ടാക്കുന്നത്‌ കണ്ടപ്പോള്‍ ഇത്രയൊക്കെ പറഞ്ഞെന്നേയുള്ളു.

ദോഹയിലെ ‘സൂഖ്‌ വാഖിഫ്‌’ എന്ന ‘പുരാതന ഗ്രാമ’ത്തിന്റെ വഴിയോര ചായക്കടയിലിരുന്നാണു ഇത്രയൊക്കെ ചിന്തിച്ചത്‌. ഇനി വായനക്കാര്‍ക്കും സൂഖ്‌ വാഖിഫിന്റെ ഇടനാഴികളിലൂടെ ഒരു സായാഹ്ന നടത്തമാവാം. നിങ്ങളിവിടെയൊരു പുതിയ ആളാണെങ്കില്‍ തീര്‍ച്ചയായും ആദ്യം ചോദിക്കുക സാംസ്‌കാരിക ഗ്രാമത്തിനു എത്രവര്‍ഷത്തെ പഴക്കമുണ്ടെന്നായിരിക്കും. പത്തു വര്‍ഷത്തെ പഴക്കം പോലുമില്ലെന്നു മറുപടി കേള്‍ക്കുമ്പോള്‍ പക്ഷേ വിശ്വസിക്കുക അത്ര എളുപ്പമായിരിക്കില്ല. പക്ഷേ അതാണ്‌ സത്യം. പൊടിപിടിച്ചുകിടന്ന ഒരു കാലഘട്ടത്തിന്റെ പുനരാവിഷ്‌കാരം അത്ര ഭംഗിയായാണു സൂഖ്‌ വാഖിഫിലൂടെ ഖത്തര്‍ നടത്തിയിരിക്കുന്നത്‌!

ചരിത്രത്തിന്റെ വേരുകള്‍ തേടിയുള്ള അന്വേഷണത്തിനു പ്രരണ നല്‍കുന്ന ഖത്തറിലെ അപൂര്‍വ്വ സ്ഥളങ്ങളിലൊന്നാണു സൂഖ്‌ വാഖിഫ്‌. മുസൈരിബില്‍ കോര്‍ണിഷിനു തൊട്ടടുത്തായി 2004ലാണീ പുരാതന ഗ്രാമത്തിന്റെ പണി ആരംഭിച്ചത്‌. ഈദ്‌ ഗാഹും പള്ളിയും ഹോട്ടലുകളും ആസ്‌പത്രിയും ബാങ്ക്‌ കെട്ടിടങ്ങളുമടക്കം ചെറുതും വലുതുമായ ഒട്ടേറെ കെട്ടിടങ്ങള്‍ ഈ പാരമ്പര്യ ഗ്രാമത്തിന്റെ നിര്‍മിതിക്കായി പൊളിച്ചുമാറ്റിയിരുന്നു.

സൂഖ്‌ വാഖിഫിന്റെ നിര്‍മാണം ഏറെക്കുറെ അതിന്റെ പ്രാരംഭ ഘട്ടം മുതല്‍ മുടങ്ങാതെ കണ്ട ഒരാളാണീ ലേഖകന്‍. ഉരുളന്‍ കല്ലുകളുപയോഗിച്ച്‌ ഏതാനും തൊഴിലാളികള്‍ സൂഖ്‌ വാഖിഫിന്റെ ആദ്യ ‘കൂര’ പണിത്‌ തുടങ്ങിയപ്പോള്‍ ഞാന്‍ കരുതിയത്‌ ‘കാനായി’ മോഡലിലൊരു ശില്‍പത്തിന്റെ നിര്‍മാണം ആരംഭിച്ചതായിരിക്കുമെന്നാണ്‌. ക്രമേണയത്‌ പരമ്പരാഗത ശൈലിയിലുള്ള കെട്ടിടമായി രൂപം മാറി. ഒന്നിനുപുറകെ ഒന്നായി കെട്ടിടങ്ങള്‍ വന്നു. ഒരു ഭാഗത്ത്‌ കൂറ്റന്‍ കെട്ടിടങ്ങള്‍ പൊളിച്ചടുക്കിയും മറുഭാഗത്ത്‌ കൂരകള്‍ പണിയുകയുമായിരുന്നു രീതി. ആദ്യകാലങ്ങളിലൊന്നും സൂഖ്‌ വാഖിഫില്‍ സന്ദര്‍ശകരേയുണ്ടായിരുന്നില്ല. ഒരുപാട്‌ കെട്ടിടങ്ങളും അവക്കുള്ളിലൊതുങ്ങുന്ന കച്ചവടക്കാരെയും കണ്ട്‌ എന്നെപ്പോലെ പലരും അത്ഭുതപ്പെട്ടിട്ടുണ്ട്‌. ഇവരിങ്ങനെ എത്രകാലം ‘ഈച്ചയാട്ടി’യിരിക്കുമെന്ന സംശയവും അധിക കാലം നീണ്ടില്ല. വളരെ വേഗത്തില്‍ സൂഖ്‌ വാഖിഫ്‌ പരമ്പരാഗത അറബികളുടെ പ്രധാന വ്യാപാര കേന്ദ്രമായി മാറി. കൂറ്റന്‍ സൂപ്പര്‍ മാര്‍ക്കറ്റുകളുപേക്ഷിച്ചാണ്‌ അവരിവിടേക്ക്‌ കുടി മാറിയത്‌. പരമ്പരാഗത അറബികളുടെ നാടന്‍ കലകളും സംഗീതവും തമാശകളുമൊക്കെക്കൊണ്ട്‌ സമ്പന്നമായ രാവുകള്‍ കൂടി പിറന്നതോടെ സൂഖ്‌ വാഖിഫില്‍ തിരക്കേറി. ക്രമത്തില്‍ വിദേശികളും സ്വദേശികളും ഒരു പോലെ സൂഖ്‌ വാഖിഫിന്റെ ആസ്വാദകരായി. ഇന്ന്‌ ഖത്തറിലെ മികച്ചൊരു ടൂറിസ്റ്റ്‌ ഹോട്ട്‌സ്‌പോട്ട്‌ കൂടിയാണ്‌ സൂഖ്‌ വാഖിഫ്‌!

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരെത്തുന്ന സൂഖ്‌ വാഖിഫ്‌ അക്ഷരാര്‍ഥത്തില്‍ ഒരു വമ്പന്‍ വഴിയോര സാംസ്‌കാരിക കേന്ദ്രമാണ്‌. വിവിധതരത്തിലുള്ള കലയും സംഗീതവും സര്‍ക്കസുമൊക്കെ ഈ ഹെറിറ്റേജ്‌ വില്ലേജിന്റെ രാപ്പകലുകളെ സമ്പന്നമാക്കുന്നു. ഗള്‍ഫ്‌ മേഖലയിലെ ഏക പരമ്പരാഗത മാര്‍ക്കറ്റാണിതെന്നു കൂടി അറിയുക.ഒരു നൂറ്റാണ്ടെങ്കിലും പഴക്കമുള്ള ഒരു മാര്‍ക്കറ്റ്‌ പുനരാവിഷ്‌കരിക്കപ്പെടുമ്പോള്‍ കാണിക്കേണ്ട മര്യാദ പരമാവധി കാണിച്ചുകൊണ്ടു തന്നെ ആധുനികതയെക്കൂടി ഉള്‍ക്കൊള്ളുന്നുണ്ട്‌ സൂഖ്‌ വാഖിഫ്‌. വഴിയോര ചായക്കടകള്‍ക്കൊപ്പം ഹൈക്ലാസ്‌ ഹോട്ടലുകളും അങ്ങനെ സൂഖ്‌ വാഖിഫിന്റെ ഭാഗമാകുന്നു. ഖത്തറിലെ ആദ്യഹോട്ടലായ ബിസ്‌മില്ലാ ഹോട്ടലും ഇവിടെ പുനര്‍നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്‌.

അറബികള്‍ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന പാത്രങ്ങളും വസ്‌ത്രങ്ങളും ആഭരണങ്ങളും മാത്രമല്ല അപൂര്‍വ്വ മരുന്നുകളും ഭക്ഷണ സാധങ്ങളുമെല്ലാം സൂഖ്‌ വാഖിഫില്‍ ലഭ്യമാണ്‌. ഒട്ടകങ്ങളടക്കമുള്ള വളര്‍ത്തുമൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ ‘കടകള്‍’ സൂഖ്‌ വാഖിഫിന്‌ ചെറിയൊരു മൃശാലയുടെ ഗുണം കൂടി ചെയ്യുന്നു. ഖത്തറി ചിത്രകാരന്‍മാരുടെ ചിത്രങ്ങള്‍ ആസ്വദിക്കാനും വാങ്ങാനുമുള്ള സൗകര്യവും സൂഖ്‌ വാഖിഫിന്റെ പ്രത്യേകതയാണ്‌. ഈ പാരമ്പര്യ ഗ്രാമത്തിന്റെ ഇടുങ്ങിയ ‘തെരുവോര’ത്തിരുന്നു പലതരത്തിലുള്ള ചായ കുടിക്കാം, ശീഷ വലിക്കാം, ഭക്ഷണം കഴിക്കാം, സംഗീതമാസ്വദിക്കാം, സാംസ്‌കാരിക സംവാദമാവാം, ചര്‍ച്ചയാവാം, എഴുതാം, വരക്കാം…. ഇതൊന്നും ചെയ്യാതെ ആള്‍ക്കൂട്ടത്തില്‍ ഏകനായി നടക്കുകയോ മടിപിടിച്ചിരിക്കുകയോ ചെയ്യാം!

തീര്‍ച്ചയായും ചുങ്കിയെ പോലെയോ പഴയ മാനാഞ്ചിറ മൈതാനിയെ പോലെയോ അത്ര ചെലവ്‌ കുറഞ്ഞ അനുഭവമായിരിക്കില്ല സൂഖ്‌ വാഖിഫ്‌. വിദേശ ടൂറിസ്റ്റുകളെ ലക്ഷ്യം വച്ച്‌ നടത്തുന്ന മാര്‍ക്കറ്റിങ്‌ തന്ത്രം ഇവിടെയും കാണാനാവും. എന്നാല്‍ ‘പഴമയെ പുതിയ കുപ്പിയിലാക്കി നടത്തുന്ന കച്ചവടം’ എന്ന ആരോപണം അവഗണിക്കാവുന്നതെയുള്ളൂ. പാരമ്പര്യത്തിന്റെ ഒറിജിനലുകള്‍ തല്ലിപ്പൊളിച്ചുകളയുന്ന സമൂഹത്തോടുള്ള പ്രതികാരം കൂടിയായ ഇത്തരം മികച്ച സൃഷ്ടികളുടെ ന്യൂനതകളെല്ലാം മേന്‍മകള്‍ തന്നെയാണ്‌ എടുത്ത്‌ കാണിക്കേണ്ടത്‌. നിങ്ങള്‍ക്ക്‌ വേണ്ടാത്തത്‌ ഞങ്ങളിവിടെ പുനര്‍നിര്‍മിച്ചിരിക്കുന്നുവെന്ന്‌ വിളിച്ചുപറയാന്‍ ഈ പാരമ്പര്യ ഗ്രാമത്തിനു കഴിയുന്നുണ്ടല്ലോ!

സൂഖ്‌ വാഖിഫില്‍ നിന്ന്‌ നമുക്ക്‌ നേരെ കതാറയിലേക്ക്‌ പോവാം. സാംസ്‌കാരിക ഗ്രാമങ്ങളിലൂടെ കടന്നുപോവുമ്പോള്‍ കതാറയെ ആര്‍ക്ക്‌ മാറ്റിനിര്‍ത്താനാവും. മനോഹരമായ ബീച്ചും നട്ടുനനച്ചുണ്ടാക്കിയ തണല്‍ മരങ്ങളും ആധുനിക സൗകര്യങ്ങളോടെയുള്ള തിയേറ്ററുകളുമൊക്കെ ഉള്‍ക്കൊള്ളുന്ന കതാറയിലാണു ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്‌(ഡി.എഫ്‌.ഐ) പ്രവര്‍ത്തിക്കുന്നത്‌.

ഒരു സാധാരണ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്‌ എന്നതിനപ്പുറം ചരിത്രപരമായ പ്രാധാന്യവും കൂടിയുണ്ട്‌ ഡി.എഫ്‌.ഐക്ക്‌. കാരണം ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വരെ ഖത്തറിനു സിനിമാ സംസ്‌കാരമോ ചരിത്രമോ ഇല്ലായിരുന്നു. ഇപ്പോഴതുണ്ട്‌. ചെറുതും വലുതുമായ കുറേയേറെ സിനിമകള്‍ ഖത്തറില്‍ പിറന്നുകഴിഞ്ഞു. സിനിമയെ ഗൗരവമായി സമീപിക്കുന്ന ഒരു തലമുറയും ഇവിടെ സജീവമായിരിക്കുന്നു. ഇക്കാര്യത്തില്‍ ഡി.എഫ്‌.ഐയുടെ സംഭാവന ഒട്ടും ചെറുതല്ല.

അന്താരാഷ്ട്ര നിലവാരത്തിലുള്ള ആംഫി തിയേറ്ററും ഡ്രാമ തിയേറ്ററുമൊക്കെ പരമാവധി ഉപയോഗപ്പെടുത്തുന്നുവെന്നതാണ്‌ കതാറയുടെ ഏറ്റഴും വലിയ പ്രത്യേകത. കതാറ ഫൈന്‍ ആര്‍ട്‌സ്‌ സൊസൈറ്റി, കതാറ ആര്‍ട്‌സ്‌ സെന്റര്‍, വിഷ്യല്‍ ആര്‍ട്‌സ്‌ സെന്റര്‍ തുടങ്ങി ദൃശ്യകലയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളൊന്നും തന്നെ കടലാസുകളിലൊതുങ്ങി നില്‍ക്കുന്നതല്ല. ഡി.എഫ്‌.ഐ അതിന്റെ പ്രാധാന്യം കുറഞ്ഞകാലം കൊണ്ട്‌ ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചു കഴിഞ്ഞിരിക്കുന്നു.

1976ല്‍ ആരംഭിച്ച കയ്‌റോ ഇന്റര്‍ നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ മാത്രമായിരുന്നു ഗള്‍ഫ്‌ മേഖലയിലെ ഇത്തരത്തിലുള്ള ഏക സംരംഭം. പിന്നീട്‌ മൊറോക്കയിലെ എഫ്‌.ഐ.എഫ്‌.എം, ദുബൈ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍(ഡി.ഐ.എഫ്‌.എഫ്‌), അബൂദാബി ഫിലിം ഫെസ്റ്റിവല്‍(എ.ഡി.എഫ്‌.എഫ്‌) തുടങ്ങിയവ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയെടുത്തു. ഗള്‍ഫ്‌ മേഖലയുടെ പരിമിതികളെ തരണം ചെയ്‌ത്‌ മുന്നേറുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളകളുടെ കൂട്ടത്തിലേക്ക്‌ ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്‌ നല്‍കിയ കനപ്പെട്ട സംഭാവനയാണ്‌ ട്രിബേക്ക ഫിലിം ഫെസ്റ്റിവല്‍(ഡി.ഡി.എഫ്‌.എഫ്‌). നാലു വര്‍ഷത്തെ ശ്രമം കൊണ്ട്‌ ദോഹ ട്രിബേക്ക ഫിലിം ഫെസ്റ്റിവല്‍ നാല്‍പത്‌ വര്‍ഷത്തെ ചരിത്രമാണ്‌ തിരുത്തി എഴുതിയത്‌!

അറബ്‌ സിനിമകളുടെ കഥയും തിരക്കഥയുമൊക്കെ എക്കാലവും രൂപപ്പെട്ടത്‌ പ്രധാനമായും കയ്‌റോ കേന്ദ്രീകരിച്ചായിരുന്നല്ലോ. എന്നാല്‍ ഇറാനിയന്‍ സിനിമകളുടെ അതിശക്തമായ ഇടപെടലോടെയാണ്‌ അറബ്‌ സിനിമകളുടെ ചരിത്രം വഴിമാറിയത്‌. ഇത്തരത്തിലൊരു ഇടപെടല്‍ നടത്താന്‍ നാളെ ഖത്തറിനും കഴിഞ്ഞേക്കാം. ഖത്തറിന്റെ കാര്യത്തില്‍ ഒന്നും അസംഭവ്യമല്ല. ശൂന്യതയില്‍ നിന്ന്‌ വിലപിടിച്ച വസ്‌തുക്കള്‍ വലിച്ചെടുത്ത്‌ കാണികളെ സ്‌തംഭരാക്കുന്ന ജാലവിദ്യക്കാരനെ പോലെയാണ്‌ ഖത്തര്‍. അല്‍ജസീറയാണത്‌. ഏഷ്യാഡ്‌, ലോകകപ്പ്‌ ഫുട്‌ബോള്‍ അങ്ങനെ മറ്റ്‌ ഗള്‍ഫ്‌ രാജ്യങ്ങള്‍ക്ക്‌ സ്വപ്‌നം കാണാനാവാത്ത പലതും ഖത്തര്‍ സ്വന്തം കണക്കിലെഴുതിയിട്ടത്‌ കുറഞ്ഞ കാലം കൊണ്ടായിരുന്നു.

സമ്പത്ത്‌ കൊണ്ടുള്ള കളികളിലൊതുങ്ങുന്നില്ല ഖത്തറില്‍ നടക്കുന്ന നിശ്ശബ്ദ വിപ്ലവം. അവര്‍ ചരിത്രത്തില്‍ നിന്നു പഠിക്കുകയും ചരിത്രം മാറ്റിയെഴുതുകയും ചെയ്യുകയാണിപ്പോള്‍. കലാ സാംസ്‌കാരിക രംഗവും വിദ്യാഭ്യാസ രംഗവുമൊക്കെ ഇതിനുള്ള ഊര്‍ജ്ജമാക്കി മാറ്റുന്നു ഈ കൊച്ചുരാജ്യം. ഒരു തരത്തിലുള്ള സാംസ്‌കാരിക പ്രവര്‍ത്തനവും വെറുതെയാവുന്നില്ലെന്ന തിരിച്ചറിവ്‌ ഖത്തര്‍ നേടിയെടുത്തിരിക്കുന്നെന്ന്‌ ഉറപ്പിച്ചു പറയാം. സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ എണ്ണയിട്ട ചക്രങ്ങള്‍ പോലെയാണ്‌. അത്‌ സ്വയം ചലിക്കുന്നു, മറ്റുള്ളവരെ ചലിപ്പിക്കുകയും ചെയ്യുന്നു. വ്യക്തികള്‍ക്ക്‌ മാത്രമല്ല രാജ്യങ്ങള്‍ക്കും അതിവേഗം മുന്നേറാനുള്ള ഊര്‍ജ്ജം ഇങ്ങനെ ലഭിക്കും.

കലാ സാംസ്‌കാരിക രംഗത്തെ അവഗണിച്ചും അടിമച്ചര്‍ത്തിയും കൊണ്ട്‌ ഒരു രാജ്യത്തിനും ഭാവിയിലേക്ക്‌ മുന്നേറാനാവില്ലെന്നതിനു ഒട്ടേറെ ഉദാഹരണങ്ങളുണ്ട്‌ നമുക്ക്‌ മുമ്പില്‍. ഹുസ്‌നി മുബാറക്കിന്റെ ഈജിപ്‌ത്‌ തന്നെയാണ്‌ ഗള്‍ഫ്‌ മേഖലയില്‍ നിന്നുള്ള ഏറ്റവും നല്ല ഉദാഹരണം. നാലാമത്‌ ട്രിബേക്ക ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ‘എ ഡീപ്പ്‌ ലോങ്‌ ബ്രത്ത്‌’ എന്ന ഡോക്യുമെന്ററിയില്‍ നിന്നുള്ള ഡയലോഗ്‌ കടമെടുത്ത്‌ കൊണ്ട്‌ ഈ കുറിപ്പ്‌ അവസാനിപ്പിക്കാം. ഡോ.ജമാല്‍ ഇബ്രാഹിം എന്ന ഒരു പ്രഫസറുടെ അന്വേഷണ യാത്രക്കിടയിലാണ്‌ ഡോക്യുമെന്ററി ചില സത്യങ്ങള്‍ തുറന്ന്‌ കാണിക്കുന്നത്‌. ഡോ.ജമാല്‍ ഇങ്ങനെ ഒരു സ്വയം വിമര്‍ശനം നടത്തുന്നു. “നാല്‍പത്‌ വര്‍ഷത്തോളം ഈജിപ്‌തില്‍ കലയും സംഗീതവും സാഹിത്യവുമൊക്കെ മരവിച്ചുകിടക്കുകയായിരുന്നു. ഈ കാലഘട്ടങ്ങളില്‍ യുവാക്കള്‍ ക്രിയാത്മകമായി ചിന്തിച്ചിരുന്നില്ല. ഫലത്തില്‍ ‘മിസിരികള്‍’ എന്ന്‌ പറഞ്ഞാല്‍ ലോകം ചിരിക്കാന്‍ തുടങ്ങി. ഞങ്ങള്‍ ശരിക്കും പരിഹാസ കഥാപാത്രങ്ങളായി മാറി…” ഇനി ഈ ലേഖനത്തിന്റെ തുടക്കത്തില്‍ തന്നെ ചോദിക്കാനുദ്ദേശിച്ച ഒരു സംശയം കൂടി കുറിച്ചിടട്ടെ. ‘ചുങ്കി’ ഇപ്പോഴും അതിന്റെ കലാ സാംസ്‌കാരിക പാരമ്പര്യം നിലനിര്‍ത്തുന്നുണ്ടോ ആവോ! അതിപ്പോഴും അങ്ങനെ തന്നെയുണ്ടോ എന്നാര്‍ക്കറിയാം!

സ്വാതന്ത്ര്യം തടവറയില്‍

റിപ്പബ്ലിക്‌ നിറക്കാഴ്‌ചയിലും സ്വാതന്ത്ര്യം തടവറയില്‍!

‘ലോകത്തിലെ ഏറ്റവും വലിയ ദുഃഖിതര്‍ ആരാണെന്ന്‌ താങ്കള്‍ക്കറിയുമോ?’

jailവര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഓള്‍ഡ്‌ ഡല്‍ഹിയിലെ ഇടുങ്ങിയ തെരുവില്‍നിന്നാണീ ചോദ്യം എന്റെ മുമ്പിലേക്ക്‌ വന്നുവീണത്‌. പുരാതന ദില്ലിയിലെ ഒരു വഴിയോര കടക്കുമുമ്പില്‍ ഇരുന്ന്‌ വിശേഷപ്പെട്ട ഒരു കബാബ്‌ ആസ്വദിക്കുകയായിരുന്നു ഞങ്ങളപ്പോള്‍. ചാട്ടവാറടികൊണ്ട്‌ പുളയുന്ന ഒരു കുറ്റവാളിയുടെ മുഖമുള്ള ആ ചെറുപ്പക്കാരന്റെ ചോദ്യത്തിന്‌ കൃത്യമായൊരുത്തരം നല്‍കാന്‍ അന്നെനിക്ക്‌ കഴിഞ്ഞില്ല.

ഏറെ നേരം ഞാനീ ചോദ്യം എന്നോടുതന്നെ ചോദിച്ചു. എത്ര ദുഃഖിതരുണ്ട്‌ ഈ ഭൂമിയില്‍. നിത്യരോഗികള്‍, കിടപ്പാടമില്ലാത്തവര്‍, ആട്ടിയോടിക്കപ്പെട്ടവര്‍, തെറ്റിദ്ധരിക്കപ്പെട്ടവര്‍, തെറ്റിപ്പിരിഞ്ഞവര്‍, ഒറ്റപ്പെട്ടവര്‍, നശിപ്പിക്കപ്പെട്ടവര്‍, പീഡിതര്‍, വേണ്ടപ്പെട്ടവര്‍ക്ക്‌ വേണ്ടാതായവര്‍, തളര്‍ന്നുപോയവര്‍, വിശന്നുവലഞ്ഞവര്‍, സ്വയം വില്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍… തീരാത്ത ഈ പട്ടികയില്‍ ആരാണ്‌ പ്രമാണിമാര്‍.

കാലമേറെ കഴിഞ്ഞിരിക്കുന്നു. ഈ ചോദ്യത്തിന്‌ കൃത്യമായ ഉത്തരം കണ്ടെത്താന്‍ പ്രയാസപ്പെടുകയാണ്‌ ഞാനിന്നും. പ്രിയപ്പെട്ട വായനക്കാരെ, സമയം വെറുതെ കിട്ടുമ്പോള്‍ നിങ്ങളും വെറുതെയൊന്നു ഈ ചോദ്യം നിങ്ങളോടുതന്നെ ചോദിച്ചുനോക്കൂ. യു ട്യൂബിലും ഫേസ്‌ ബുക്കിലും മൊബൈല്‍ ഫോണിലും റിയാലിറ്റി മെഗാസീരിയലുകളിലും സിനിമാ കൊട്ടയിലെ മസാല പടങ്ങളിലും ഒക്കെ അപഹരിക്കപ്പെട്ടാലും ഇത്തിരി സമയം ബാക്കിയുണ്ടാവില്ലേ നിങ്ങള്‍ക്ക്‌. മതി, അപ്പോള്‍ മാത്രം ചിന്തക്കെടുത്താല്‍മതി ഈ ചോദ്യം. അത്രയും കാലം അതങ്ങനെ നിങ്ങളുടെ മുമ്പിലിരിക്കട്ടെ.

സ്വയം ചോദ്യങ്ങള്‍ ചോദിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും ഉത്തരം അറിയാന്‍ ആകാംക്ഷയുണ്ടാകും. എന്നിട്ടാ ‘തീവ്രവാദി’ എന്തു പറഞ്ഞു എന്നറിയാനായിരിക്കാം ഇപ്പോള്‍ നിങ്ങള്‍ക്ക്‌ താല്‍പര്യം. അയാള്‍ പറഞ്ഞതിങ്ങനെ:
തീവ്രവാദിയെന്ന്‌ മുദ്രകുത്തപ്പെട്ട്‌ വര്‍ഷങ്ങളോളം ജയിലില്‍ കിടന്നവനാണയാള്‍. ശിക്ഷിക്കപ്പെടാന്‍ തക്കതായ ഒരു തെറ്റും ചെയ്യാതെ ജീവിതത്തിന്റെ നല്ലകാലങ്ങള്‍ തടവറയില്‍ കഴിയേണ്ടിവന്ന നിര്‍ഭാഗ്യവാന്‍. ജയിലില്‍നിന്ന്‌ പുറത്തിറങ്ങിയിട്ടും അയാള്‍ നിരന്തരം വേട്ടയാടപ്പെട്ടു. ക്രമേണ ജന്മനാട്‌ അയാള്‍ക്കൊരു തടവറയായി മാറി.

ജയിലില്‍ ഒരുപാട്‌ കുറ്റവാളികളുണ്ടാവും. തെറ്റെന്നറിഞ്ഞുകൊണ്ടുതന്നെ തെറ്റ്‌ ചെയ്‌തവരും ശരിയെന്നു തോന്നിയതിനുവേണ്ടി പോരാടി ജയിലിലെത്തിയവരുമാണ്‌ ഇതില്‍ പ്രധാനം. തടവറ ചോദിച്ചുവാങ്ങുന്ന ഇവര്‍ക്ക്‌ ജയില്‍ ജീവിതവുമായി പൊരുത്തപ്പെടാന്‍ ഏറെ സമയം വേണ്ടിവരില്ല. എന്നാല്‍ ഒരു ദുര്‍ബലനിമിഷത്തിന്റെ പ്രലോഭനത്തില്‍ തെറ്റ്‌ ചെയ്‌ത്‌ ശിക്ഷ അനുഭവിക്കേണ്ടിവരുന്നവര്‍ക്ക്‌ കുറേക്കാലം തടവറ ഒരു വലിയ പ്രശ്‌നംതന്നെയായിരിക്കും. ഇതിലൊന്നും പെടാത്ത നാലാമത്തെ വിഭാഗത്തിന്റെ കാര്യമാണ്‌ ഏറെ പരിതാപകരം. ചെയ്‌ത തെറ്റെന്തെന്നറിയാതെ ജയിലിലടക്കപ്പെടുന്നവര്‍. അവരുടെ ചുടുനിശ്വാസങ്ങളില്‍ തടവറയുടെ മതില്‍കെട്ടുകള്‍പോലും ഉരുകിത്തീരാം. അവരുടെ കണ്ണുനീരില്‍ അലിഞ്ഞുപോകുന്നത്‌ അവര്‍ മാത്രമായിരിക്കില്ല; അവരെ ഈയൊരു ദുരവസ്ഥയിലെത്തിച്ച വ്യവസ്ഥിതിയും അതുണ്ടാക്കിയ അധികാര കേന്ദ്രങ്ങളും പിന്നെ കാഴ്‌ചക്കാരായി മാറിനില്‍ക്കുന്ന നമ്മളും…

നിര്‍ഭാഗ്യവാനായ ആ മനുഷ്യന്‍ പറഞ്ഞുനിര്‍ത്തിയത്‌ ഇങ്ങിനെയായിരുന്നു… “അതേ സുഹൃത്തേ, ഒരു തെറ്റും ചെയ്യാതെ ജയിലില്‍ കിടക്കേണ്ടിവരുന്ന ഒരാളുടെ വേദനക്ക്‌ പകരം വെക്കാന്‍ ഈ ഭൂമിയില്‍ യാതൊന്നുമില്ല. അയാളുടെ ദുഃഖമാണ്‌ ഈ ഭൂമിയിലെ ഏറ്റവും വലിയ ദുഃഖം…”

സ്വാതന്ത്ര്യത്തിന്റെ വിശാലമായ അര്‍ത്ഥത്തെക്കുറിച്ച്‌ ചിന്തിക്കാന്‍ എന്നെ പ്രരിപ്പിച്ചതായിരുന്നു ഈ സംഭവം. എന്താണ്‌ സ്വാതന്ത്ര്യം, ആരാണ്‌ അത്‌ തരുന്നത്‌, ആരാണ്‌ അത്‌ നമ്മില്‍നിന്ന്‌ തട്ടിപ്പറിക്കുന്നത്‌, മറ്റൊരാളുടെ സ്വാതന്ത്ര്യം കട്ടെടുക്കുന്നവര്‍ക്ക്‌ കൂടുതല്‍ സ്വാതന്ത്ര്യം കിട്ടുന്നുണ്ടോ… ഇങ്ങനെ നൂറു നൂറു ചോദ്യങ്ങളുമായി സ്വാതന്ത്ര്യമെന്ന പദം കുറേക്കാലം എന്നെ അലട്ടിക്കൊണ്ടിരുന്നു.

ഒട്ടും മറച്ചുവക്കാതെതന്നെ കുറ്റസമ്മതം നടത്തട്ടെ വായക്കാരേ, പിന്നീടൊരിക്കലും സ്വാതന്ത്ര്യദിനവും റിപ്പബ്ലിക്‌ ദിനവുമൊന്നും അതിന്റെ യഥാര്‍ത്ഥ സ്‌പിരിറ്റില്‍ ആസ്വദിക്കാന്‍ എനിക്ക്‌ കഴിഞ്ഞിട്ടില്ല. ഡല്‍ഹിയിലെ വര്‍ണ്ണ ശബളമായ റിപ്പബ്ലിക്‌ ദിന ഘോഷയാത്ര കാണുമ്പോഴും അറിയാതെ ഞാന്‍ നെടുവീര്‍പ്പിട്ട്‌ പോകാറുണ്ട്‌.

ഇത്തരം ആഘോഷങ്ങളുടെ ആരവങ്ങള്‍ക്കിടയില്‍ അനേകായിരങ്ങളുടെ ചുടുനിശ്വാസങ്ങള്‍ നമുക്കു ചുറ്റും വലയം ചെയ്യുന്നില്ലേ. സ്വാതന്ത്ര്യവും സമാധാനവും അവകാശങ്ങളും ആദരവും നഷ്‌ടപ്പെട്ടവരുടെ ചുടുനിശ്വാസം…

ഒരു ചാണ്‍ വയര്‍ ഭൂമിയോളം വലിയ പ്രശ്‌നമായിമാറി ജീവിതംതന്നെ ഒരു തടവറയാക്കി മാറ്റേണ്ടിവന്നവരുടെ നിലവിളികള്‍…
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്‌ എന്ന വലിയൊരു ആപ്‌തവാക്യത്തിലാണ്‌ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ നിലനില്‍ക്കുന്നത്‌. പക്ഷേ ആയിരം കുറ്റവാളികള്‍ക്ക്‌ രക്ഷപ്പെടാന്‍ വഴിയൊരുക്കികൊണ്ടുതന്നെ അനേകായിരം നിരപരാധികള്‍ക്ക്‌ തടവറ തീര്‍ക്കുന്ന രൂപത്തില്‍ നമ്മുടെ വ്യവസ്ഥിതി എപ്പോഴോ മാറ്റിമറിക്കപ്പെട്ടിട്ടുണ്ട്‌. ഭരണകൂടത്തിന്റെ ചുമലില്‍മാത്രം ഒതുങ്ങുന്നതല്ല ഇതിന്റെ ഉത്തരവാദിത്തം. ഫാസിസത്തിനും തീവ്രവാദത്തിനും ഭീകരവാദത്തിനുമൊക്കെ കടന്നുവരാന്‍ വാതിലുകള്‍ മലക്കെ തുറന്നിട്ടവര്‍ നമ്മള്‍ തന്നെയായിരുന്നു. എന്തിനും ഏതിനും രാഷ്‌ട്രീയ പാര്‍ട്ടികളെ മാത്രം പ്രതിക്കൂട്ടില്‍നിര്‍ത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പൊതുസമൂഹവും ഇതിന്റെ പാപഭാരം ചുമന്നേപറ്റൂ.

എല്ലാ മത-ജാതി വിഭാഗത്തില്‍പെട്ടവരും സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ തീവ്രവാദത്തെയും ഭീകരവാദത്തെയും പ്രാത്സാഹിപ്പിച്ചിട്ടുണ്ട്‌. തെരുവില്‍ കിടന്നുറങ്ങുന്നവന്റെ ചാക്ക്‌ കെട്ടിനടിയില്‍ ബോംബ്‌ ഒളിപ്പിച്ചുവെച്ച്‌ വിപ്ലവം നടത്താന്‍ ശ്രമിച്ചവരും, തീവണ്ടിയില്‍ പൊട്ടിത്തെറിച്ച ബോംബിന്റെ പുകയടങ്ങുംമുമ്പ്‌ കുറ്റവാളികള്‍ എന്നുപറഞ്ഞ്‌ നിരപരാധികളെ വേട്ടയാടിയവരും, വെറുപ്പിന്റെ വിത്ത്‌ മക്കളുടെ തലച്ചോറില്‍ വിതച്ച്‌ മലിനമാക്കിയവരും, വിഷക്കാറ്റില്‍ എല്ലാം എരിഞ്ഞടങ്ങുമ്പോള്‍ ജാതിയും മതവും രാഷ്‌ട്രീയവും തിരിച്ച്‌ കഥകള്‍ മെനഞ്ഞവരും എല്ലാം ഇതിനുത്തരവാദികളാണ്‌. പീഡിതന്റെ ലേബലില്‍ അധികാരത്തിലേറി പിന്നെ അവരെ പണയം വെച്ചും വിറ്റു തുലച്ചും ഭരണം നിലനിര്‍ത്താന്‍ ആര്‍ത്തി കാണിക്കുന്ന വലിയൊരു വിഭാഗംതന്നെ ഇവിടെയുള്ളപ്പോള്‍ നാമാരിലാണ്‌ പ്രതീക്ഷയര്‍പ്പിക്കുക. യു പിയിലും ബീഹാറിലും ഹരിയാനയിലുമൊന്നും ഒതുങ്ങുന്നതല്ല ഈ മഹാപരീക്ഷണങ്ങള്‍. ഇന്ത്യയുടെ രക്തധമനികളില്‍ നാം വെറുപ്പിന്റെയും അസ്വാതന്ത്ര്യത്തിന്റെയും വിഷം കുത്തിനിറച്ചുകൊണ്ടേയിരിക്കുകയാണ്‌. ഒരു മഹാരാജ്യം ഇങ്ങനെ എന്തെന്ത്‌ കെടുതികളിലൂടെയാണ്‌ കടന്നുപോകന്നതെന്നോര്‍ക്കുമ്പോള്‍ സത്യത്തില്‍ നാം ആഘോഷത്തിന്റെ ആരവങ്ങള്‍ മറന്നുപോകുന്നില്ലേ.

രാജ്യ സ്‌നേഹത്തിന്റെ നിലനില്‍പ്പിനുവേണ്ടിയാണ്‌ സ്വാതന്ത്ര്യദിനവും റിപ്പബ്ലിക്‌ ദിനവുമൊക്കെ പൊടിപൊടിക്കുന്നത്‌. എന്നാല്‍ കേവലം പൊങ്ങച്ചത്തിന്റെയും ആര്‍ഭാടത്തിന്റെയും മൂലധനത്തില്‍ പോറ്റിവളര്‍ത്താനാവുന്നതല്ല രാജ്യസ്‌നേഹം. യഥാര്‍ത്ഥ രാജ്യസ്‌നേഹം ജന്മമെടുക്കുന്നത്‌ ഓരോ വ്യക്തിയുടെയും മനസ്സില്‍തന്നെയായിരിക്കും. അന്യന്റെ ദുഃഖം സ്വന്തം ദുഃഖവും അന്യന്റെ സന്തോഷം സ്വന്തം സന്തോഷവുമായി മാറുമ്പോഴാണ്‌ യഥാര്‍ത്ഥ സ്‌നേഹം ജന്മമെടുക്കുന്നത്‌. സ്വാതന്ത്ര്യത്തിന്റെ മൂലധനം ഈ സ്‌നേഹവും ഐക്യവുമാണ്‌.

modiമോഡിയെപ്പോലുള്ളവരെ പോറ്റിവളര്‍ത്തുന്ന സമൂഹത്തില്‍ ദൈവദൂതരായി അവതരിക്കുന്ന യഥാര്‍ത്ഥ മനുഷ്യസ്‌നേഹികളുടെ കാരുണ്യത്തിലാണ്‌ സ്വാതന്ത്ര്യം നിലനില്‍ക്കുന്നതെന്ന്‌ നാം മറക്കരുത്‌. നമ്മുടെയൊക്കെ ഭാഗ്യംകൊണ്ടായിരിക്കാം ഇന്ത്യയില്‍ ഇത്തരക്കാര്‍ക്ക്‌ കുറവുണ്ടായിട്ടില്ല. ഗാന്ധിജി ജനിച്ച നാട്‌ എന്ന പ്രശസ്‌തി ഇന്ത്യക്ക്‌ ഇന്നും ഒരു മുതല്‍കൂട്ടാണ്‌. teestha കെടുതികളുടെയും ദുരിതങ്ങളുടടെയും അക്രമത്തിന്റെയും ഘട്ടങ്ങളില്‍ മനുഷ്യ സ്‌നേഹത്തിന്റെ കാവല്‍ക്കാരായി കടന്നുവന്നവരെ സ്‌മരിക്കാതെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഒരു ചിന്തയും പൂര്‍ണമാകില്ല. ഗുജറാത്തില്‍ ആയിരങ്ങള്‍ വേട്ടയാടപ്പെട്ടപ്പോള്‍ അവരുടെ ശബ്‌ദമായിമാറിയ റ്റീസ്‌തയെപോലുള്ള പോരാളികള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ നിലനില്‍പിന്‌ നല്‌കിയ കനപ്പെട്ട സംഭാവന എങ്ങനെ മറക്കാന്‍ കഴിയും? gandhijiഏറ്റുമുട്ടല്‍ വിപ്ലവം നടപ്പാക്കാനുള്ള മോഡിയുടെ കുതന്ത്രങ്ങള്‍ക്ക്‌ തടസ്സമായിമാറിയ സജ്ഞീവ്‌ ഭട്ടിനെപ്പോലുള്ള ഉന്നത ഉദ്യോഗസ്ഥരും പിന്‍കാലത്ത്‌ വേട്ടയാടപ്പെട്ടത്‌ വലിയൊരു വിരോധാഭാസമാവാം. എന്നാല്‍ ഒരിക്കലും അവസാനിക്കാത്ത സ്വാതന്ത്ര്യ സമരത്തിന്റെ പോരാളികളാണിവരെല്ലാം. ആന്ധ്രയിലെയും കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയുമെല്ലാം ഗ്രാമങ്ങളില്‍ പാവപ്പെട്ടവനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച്‌ യഥാര്‍ത്ഥ വിപ്ലവം നടപ്പാക്കുന്ന ആയിരക്കണക്കിന്‌ സാമൂഹ്യപ്രവര്‍ത്തകരും അവരെ പിന്തുണക്കുന്ന കര്‍ഷകരും ഗ്രാമീണരുമെല്ലാം ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ കാവല്‍ക്കാരാണ്‌.

shopസ്വാതന്ത്ര്യമെന്നത്‌ കേവലം ആപേക്ഷികമായൊരു ആവേശമോ ആഘോഷമോ ആവരുത്‌. സ്വാതന്ത്ര്യം ജന്മമെടുക്കുമ്പോള്‍തന്നെ മറുഭാഗത്ത്‌ അതിനെതിരായ ശക്തികളും പിറവിയെടുക്കുന്നുണ്ടെന്ന്‌ നാം അറിയണം. പിന്നീട്‌ നടക്കുന്ന പോരാട്ടത്തില്‍ നാം എവിടെ നില്‍ക്കുന്നുവെന്നതിനെ ആശ്രയിച്ചാണ്‌ സ്വാതന്ത്ര്യം അര്‍ത്ഥവത്താകുന്നത്‌.

പറഞ്ഞും പാടിപ്പുകഴ്‌ത്തിയും ആസ്വദിക്കാന്‍ കഴിയുന്ന ഒന്നാണോ സ്വാതന്ത്ര്യമെന്ന്‌ ചോദിച്ചുപോകുന്നത്‌ ഇതുകൊണ്ടൊക്കെതന്നെയാണ്‌. സ്വാതന്ത്ര്യം ഓരോ വ്യക്തിയുടെയും ജന്മാവകാശമാണെന്ന്‌ പറയുമ്പോഴും മറ്റുള്ളവരില്‍നിന്ന്‌ അത്‌ കട്ടെടുക്കാനുള്ള ആര്‍ത്തി നമ്മിലൊക്കെയില്ലേ? സ്വാതന്ത്ര്യമെന്നത്‌ യോജിക്കാനുള്ള അവകാശംപോലെ വിയോജിക്കാനുള്ള അവകാശം കൂടിയാണെന്ന്‌ നാം മറന്നുപോകുന്നില്ലേ? നമ്മുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ സ്വാതന്ത്ര്യത്തിന്‌ അതിര്‍ വരമ്പുകള്‍ വരക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അത്‌ തടവറകള്‍ തീര്‍ക്കുന്നതിന്‌ സമാനമല്ലെ. നിഗൂഢ താല്‍പര്യങ്ങളുടെ പേരില്‍ നൂറു നൂറു തടവറകള്‍ തീര്‍ത്ത്‌ ക്രമേണ അതൊരു വലിയൊരു സാമ്രാജ്യമാക്കി മാറ്റാനാഗ്രഹിക്കുന്ന നരേന്ദ്രമോഡിയെപ്പോലുള്ള ഭരണാധികാരികള്‍ ദേശീയ പതാകക്ക്‌ സല്യൂട്ടടിക്കുമ്പോള്‍ വാഴ്‌ത്തപ്പെടുന്നതെന്താണെന്ന്‌ നാം ചിന്തിച്ചിട്ടുണ്ടോ.

ഇങ്ങനെ നീണ്ടുപോകുന്ന ചോദ്യങ്ങളുടെ പട്ടിക രസം കൊല്ലികളായി നമുക്ക്‌ തോന്നാം. കാരണം ക്രിയാത്മകമായ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കാണാന്‍ നമുക്ക്‌ സമയമില്ലാതായിരിക്കുന്നു. പ്രത്യേകിച്ച്‌ പുതിയ തലമുറ അര്‍ത്ഥവത്തായ ചോദ്യങ്ങളില്‍നിന്ന്‌ ഒരുപാട്‌ അകലെയാണ്‌. അയല്‍ക്കാരന്റെ പ്രശ്‌നങ്ങള്‍പോലും അവരുടെ ചിന്തകളെ അലട്ടാതെ വരുമ്പോള്‍ ആരുടെ സ്വാതന്ത്ര്യത്തെക്കുറിച്ചാണ്‌ അവര്‍ വേവലാതിപ്പെടേണ്ടത്‌. ജീവന്‍ നിലനിര്‍ത്താന്‍ ഓരോ സെക്കന്റിലും നാം അകത്തേക്കു വലിച്ചുകയറ്റുന്ന പ്രാണവായുവിനെക്കുറിച്ച്‌ ചിന്തിക്കാന്‍ നമുക്ക്‌ ഏറെയൊന്നും സമയം കിട്ടാറില്ലല്ലോ. പിന്നെയല്ലേ സ്വാതന്ത്ര്യത്തിന്റെ മഹാകീര്‍ത്തനം എന്നായിരിക്കാം വിധിന്യായം.

ശുദ്ധവായു യഥേഷ്‌ടം കിട്ടുന്നിടത്തോളം നമുക്കതിനേക്കുറിച്ച്‌ ചിന്തിക്കാതെ കഴിയാമെന്ന സൗകര്യമുണ്ട്‌. വായു മലിനമായി ശ്വാസം മുട്ടുമ്പോള്‍ മാത്രമായിരിക്കാം നാം നിലവിളിച്ചു തുടങ്ങുന്നത്‌. പക്ഷേ, അപ്പോഴേക്കും ഒരുപാട്‌ വൈകിപ്പോയിരിക്കില്ലേ. worker

ജയ്‌ ഭാരത്‌ ആശംസകളോടെ ഈ കുറിപ്പ്‌ അവസാനിപ്പിക്കുമ്പോള്‍ ഒരിക്കല്‍കൂടി ക്ഷമ ചോദിക്കുകയാണ്‌. പറയാനാഗ്രഹിച്ചത്‌ ഇതൊന്നുമായിരുന്നില്ല. പറഞ്ഞുവന്നപ്പോള്‍ എങ്ങിനെയൊക്കെയോ ഈ രൂപത്തിലായി. മാന്യ വായനക്കാരുടെ റിപ്പബ്ലിക്ക്‌ ദിനാഘോഷ ചിന്തയെ ഏതെങ്കിലും രീതിയില്‍ ഈ കുറിപ്പ്‌ ശല്യപ്പെടുത്തിയിട്ടുണ്ടെങ്കില്‍ പൊറുക്കുക. സ്വാതന്ത്ര്യത്തെക്കുറിച്ച്‌ ചിന്തിക്കാന്‍ അവകാശമുള്ളപ്പോള്‍തന്നെയാണല്ലോ നാം അതിനെക്കുറിച്ച്‌ ചിന്തിക്കേണ്ടത്‌!