റിപ്പബ്ലിക് നിറക്കാഴ്ചയിലും സ്വാതന്ത്ര്യം തടവറയില്‍!
‘ലോകത്തിലെ ഏറ്റവും വലിയ ദുഃഖിതര്‍ ആരാണെന്ന് താങ്കള്‍ക്കറിയുമോ?’
വര്‍ഷങ്ങള്‍ക്കുമുമ്പ് ഓള്‍ഡ് ഡല്‍ഹിയിലെ ഇടുങ്ങിയ തെരുവില്നിന്നാണീ ചോദ്യം എന്റെ മുമ്പിലേക്ക് വന്നുവീണത്. പുരാതന ദില്ലിയിലെ ഒരു വഴിയോര കടക്കുമുമ്പില്‍ ഇരുന്ന് വിശേഷപ്പെട്ട ഒരു കബാബ് ആസ്വദിക്കുകയായിരുന്നു ഞങ്ങളപ്പോള്‍. ചാട്ടവാറടികൊണ്ട് പുളയുന്ന ഒരു കുറ്റവാളിയുടെ മുഖമുള്ള ആ ചെറുപ്പക്കാരന്റെ ചോദ്യത്തിന് കൃത്യമായൊരുത്തരം നല്കാന് അന്നെനിക്ക് കഴിഞ്ഞില്ല.
ഏറെ നേരം ഞാനീ ചോദ്യം എന്നോടുതന്നെ ചോദിച്ചു. എത്ര ദുഃഖിതരുണ്ട് ഈ ഭൂമിയില്‍. നിത്യരോഗികള്‍, കിടപ്പാടമില്ലാത്തവര്‍, ആട്ടിയോടിക്കപ്പെട്ടവര്‍, തെറ്റിദ്ധരിക്കപ്പെട്ടവര്‍, തെറ്റിപ്പിരിഞ്ഞവര്‍, ഒറ്റപ്പെട്ടവര്‍, നശിപ്പിക്കപ്പെട്ടവര്‍, പീഡിതര്‍, വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടാതായവര്‍, തളര്‍ന്നുപോയവര്‍, വിശന്നുവലഞ്ഞവര്‍, സ്വയം വില്ക്കാന് വിധിക്കപ്പെട്ടവര്‍… തീരാത്ത ഈ പട്ടികയില്‍ ആരാണ് പ്രമാണിമാര്‍.
കാലമേറെ കഴിഞ്ഞിരിക്കുന്നു. ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം കണ്ടെത്താന്‍ പ്രയാസപ്പെടുകയാണ് ഞാനിന്നും. പ്രിയപ്പെട്ട വായനക്കാരെ, സമയം വെറുതെ കിട്ടുമ്പോള്‍ നിങ്ങളും വെറുതെയൊന്നു ഈ ചോദ്യം നിങ്ങളോടുതന്നെ ചോദിച്ചുനോക്കൂ. യു ട്യൂബിലും ഫേസ് ബുക്കിലും മൊബൈല്‍ ഫോണിലും റിയാലിറ്റി മെഗാസീരിയലുകളിലും സിനിമാ കൊട്ടയിലെ മസാല പടങ്ങളിലും ഒക്കെ അപഹരിക്കപ്പെട്ടാലും ഇത്തിരി സമയം ബാക്കിയുണ്ടാവില്ലേ നിങ്ങള്‍ക്ക്. മതി, അപ്പോള്‍ മാത്രം ചിന്തക്കെടുത്താല്മതി ഈ ചോദ്യം. അത്രയും കാലം അതങ്ങനെ നിങ്ങളുടെ മുമ്പിലിരിക്കട്ടെ.
സ്വയം ചോദ്യങ്ങള്‍ ചോദിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും ഉത്തരം അറിയാന്‍ ആകാംക്ഷയുണ്ടാകും. എന്നിട്ടാ ‘തീവ്രവാദി’ എന്തു പറഞ്ഞു എന്നറിയാനായിരിക്കാം ഇപ്പോള്‍ നിങ്ങള്‍ക്ക് താല്പര്യം. അയാള്‍ പറഞ്ഞതിങ്ങനെ:
തീവ്രവാദിയെന്ന് മുദ്രകുത്തപ്പെട്ട് വര്‍ഷങ്ങളോളം ജയിലില്‍ കിടന്നവനാണയാള്. ശിക്ഷിക്കപ്പെടാന്‍ തക്കതായ ഒരു തെറ്റും ചെയ്യാതെ ജീവിതത്തിന്റെ നല്ലകാലങ്ങള്‍ തടവറയില്‍ കഴിയേണ്ടിവന്ന നിര്ഭാഗ്യവാന്. ജയിലില്‍നിന്ന് പുറത്തിറങ്ങിയിട്ടും അയാള്‍ നിരന്തരം വേട്ടയാടപ്പെട്ടു. ക്രമേണ ജന്മനാട് അയാള്‍ക്കൊരു തടവറയായി മാറി.
ജയിലില്‍ ഒരുപാട് കുറ്റവാളികളുണ്ടാവും. തെറ്റെന്നറിഞ്ഞുകൊണ്ടുതന്നെ തെറ്റ് ചെയ്തവരും ശരിയെന്നു തോന്നിയതിനുവേണ്ടി പോരാടി ജയിലിലെത്തിയവരുമാണ് ഇതില്‍ പ്രധാനം. തടവറ ചോദിച്ചുവാങ്ങുന്ന ഇവര്‍ക്ക് ജയില്‍ ജീവിതവുമായി പൊരുത്തപ്പെടാന്‍ ഏറെ സമയം വേണ്ടിവരില്ല. എന്നാല്‍ ഒരു ദുര്‍ബലനിമിഷത്തിന്റെ പ്രലോഭനത്തില്‍ തെറ്റ് ചെയ്ത് ശിക്ഷ അനുഭവിക്കേണ്ടിവരുന്നവര്‍ക്ക് കുറേക്കാലം തടവറ ഒരു വലിയ പ്രശ്നംതന്നെയായിരിക്കും. ഇതിലൊന്നും പെടാത്ത നാലാമത്തെ വിഭാഗത്തിന്റെ കാര്യമാണ് ഏറെ പരിതാപകരം. ചെയ്ത തെറ്റെന്തെന്നറിയാതെ ജയിലിലടക്കപ്പെടുന്നവര്‍. അവരുടെ ചുടുനിശ്വാസങ്ങളില്‍ തടവറയുടെ മതില്കെട്ടുകള്പോലും ഉരുകിത്തീരാം. അവരുടെ കണ്ണുനീരില്‍ അലിഞ്ഞുപോകുന്നത് അവര്‍ മാത്രമായിരിക്കില്ല; അവരെ ഈയൊരു ദുരവസ്ഥയിലെത്തിച്ച വ്യവസ്ഥിതിയും അതുണ്ടാക്കിയ അധികാര കേന്ദ്രങ്ങളും പിന്നെ കാഴ്ചക്കാരായി മാറിനില്‍ക്കുന്ന നമ്മളും…
നിര്‍ഭാഗ്യവാനായ ആ മനുഷ്യന് പറഞ്ഞുനിര്‍ത്തിയത് ഇങ്ങിനെയായിരുന്നു… “അതേ സുഹൃത്തേ, ഒരു തെറ്റും ചെയ്യാതെ ജയിലില്‍ കിടക്കേണ്ടിവരുന്ന ഒരാളുടെ വേദനക്ക് പകരം വെക്കാന്‍ ഈ ഭൂമിയില്‍ യാതൊന്നുമില്ല. അയാളുടെ ദുഃഖമാണ് ഈ ഭൂമിയിലെ ഏറ്റവും വലിയ ദുഃഖം…”
സ്വാതന്ത്ര്യത്തിന്റെ വിശാലമായ അര്‍ത്ഥത്തെക്കുറിച്ച് ചിന്തിക്കാന്‍ എന്നെ പ്രരിപ്പിച്ചതായിരുന്നു ഈ സംഭവം. എന്താണ് സ്വാതന്ത്ര്യം, ആരാണ് അത് തരുന്നത്, ആരാണ് അത് നമ്മില്‍നിന്ന് തട്ടിപ്പറിക്കുന്നത്, മറ്റൊരാളുടെ സ്വാതന്ത്ര്യം കട്ടെടുക്കുന്നവര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം കിട്ടുന്നുണ്ടോ… ഇങ്ങനെ നൂറു നൂറു ചോദ്യങ്ങളുമായി സ്വാതന്ത്ര്യമെന്ന പദം കുറേക്കാലം എന്നെ അലട്ടിക്കൊണ്ടിരുന്നു.
ഒട്ടും മറച്ചുവക്കാതെതന്നെ കുറ്റസമ്മതം നടത്തട്ടെ വായക്കാരേ, പിന്നീടൊരിക്കലും സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവുമൊന്നും അതിന്റെ യഥാര്‍ത്ഥ സ്പിരിറ്റില്‍ ആസ്വദിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ഡല്‍ഹിയിലെ വര്‍ണ്ണ ശബളമായ റിപ്പബ്ലിക് ദിന ഘോഷയാത്ര കാണുമ്പോഴും അറിയാതെ ഞാന്‍ നെടുവീര്‍പ്പിട്ട് പോകാറുണ്ട്.
ഇത്തരം ആഘോഷങ്ങളുടെ ആരവങ്ങള്‍ക്കിടയില്‍ അനേകായിരങ്ങളുടെ ചുടുനിശ്വാസങ്ങള്‍ നമുക്കു ചുറ്റും വലയം ചെയ്യുന്നില്ലേ. സ്വാതന്ത്ര്യവും സമാധാനവും അവകാശങ്ങളും ആദരവും നഷ്ടപ്പെട്ടവരുടെ ചുടുനിശ്വാസം…
ഒരു ചാണ് വയര്‍ ഭൂമിയോളം വലിയ പ്രശ്നമായിമാറി ജീവിതംതന്നെ ഒരു തടവറയാക്കി മാറ്റേണ്ടിവന്നവരുടെ നിലവിളികള്‍…
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്ന വലിയൊരു ആപ്തവാക്യത്തിലാണ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ നിലനില്‍ക്കുന്നത്. പക്ഷേ ആയിരം കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കികൊണ്ടുതന്നെ അനേകായിരം നിരപരാധികള്‍ക്ക് തടവറ തീര്‍ക്കുന്ന രൂപത്തില്‍ നമ്മുടെ വ്യവസ്ഥിതി എപ്പോഴോ മാറ്റിമറിക്കപ്പെട്ടിട്ടുണ്ട്. ഭരണകൂടത്തിന്റെ ചുമലില്‍മാത്രം ഒതുങ്ങുന്നതല്ല ഇതിന്റെ ഉത്തരവാദിത്തം. ഫാസിസത്തിനും തീവ്രവാദത്തിനും ഭീകരവാദത്തിനുമൊക്കെ കടന്നുവരാന്‍ വാതിലുകള്‍ മലക്കെ തുറന്നിട്ടവര്‍ നമ്മള് തന്നെയായിരുന്നു. എന്തിനും ഏതിനും രാഷ്ട്രീയ പാര്‍ട്ടികളെ മാത്രം പ്രതിക്കൂട്ടില്‍നിര്‍ത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പൊതുസമൂഹവും ഇതിന്റെ പാപഭാരം ചുമന്നേപറ്റൂ.
എല്ലാ മത-ജാതി വിഭാഗത്തില്പെട്ടവരും സ്വന്തം താല്പര്യങ്ങള്ക്കനുസരിച്ച് തീവ്രവാദത്തെയും ഭീകരവാദത്തെയും പ്രാത്സാഹിപ്പിച്ചിട്ടുണ്ട്. തെരുവില്‍ കിടന്നുറങ്ങുന്നവന്റെ ചാക്ക് കെട്ടിനടിയില്‍ ബോംബ് ഒളിപ്പിച്ചുവെച്ച് വിപ്ലവം നടത്താന്‍ ശ്രമിച്ചവരും, തീവണ്ടിയില്‍ പൊട്ടിത്തെറിച്ച ബോംബിന്റെ പുകയടങ്ങുംമുമ്പ് കുറ്റവാളികള്‍ എന്നുപറഞ്ഞ് നിരപരാധികളെ വേട്ടയാടിയവരും, വെറുപ്പിന്റെ വിത്ത് മക്കളുടെ തലച്ചോറില്‍ വിതച്ച് മലിനമാക്കിയവരും, വിഷക്കാറ്റില്‍ എല്ലാം എരിഞ്ഞടങ്ങുമ്പോള്‍ ജാതിയും മതവും രാഷ്ട്രീയവും തിരിച്ച് കഥകള്‍ മെനഞ്ഞവരും എല്ലാം ഇതിനുത്തരവാദികളാണ്. പീഡിതന്റെ ലേബലില്‍ അധികാരത്തിലേറി പിന്നെ അവരെ പണയം വെച്ചും വിറ്റു തുലച്ചും ഭരണം നിലനിര്‍ത്താന്‍ ആര്‍ത്തി കാണിക്കുന്ന വലിയൊരു വിഭാഗംതന്നെ ഇവിടെയുള്ളപ്പോള്‍ നാമാരിലാണ് പ്രതീക്ഷയര്‍പ്പിക്കുക. യു പിയിലും ബീഹാറിലും ഹരിയാനയിലുമൊന്നും ഒതുങ്ങുന്നതല്ല ഈ മഹാപരീക്ഷണങ്ങള്‍. ഇന്ത്യയുടെ രക്തധമനികളില്‍ നാം വെറുപ്പിന്റെയും അസ്വാതന്ത്ര്യത്തിന്റെയും വിഷം കുത്തിനിറച്ചുകൊണ്ടേയിരിക്കുകയാണ്. ഒരു മഹാരാജ്യം ഇങ്ങനെ എന്തെന്ത് കെടുതികളിലൂടെയാണ് കടന്നുപോകന്നതെന്നോര്ക്കുമ്പോള് സത്യത്തില്‍ നാം ആഘോഷത്തിന്റെ ആരവങ്ങള്‍ മറന്നുപോകുന്നില്ലേ.
രാജ്യ സ്നേഹത്തിന്റെ നിലനില്‍പ്പിനുവേണ്ടിയാണ് സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവുമൊക്കെ പൊടിപൊടിക്കുന്നത്. എന്നാല്‍ കേവലം പൊങ്ങച്ചത്തിന്റെയും ആര്‍ഭാടത്തിന്റെയും മൂലധനത്തില്‍ പോറ്റിവളര്ത്താനാവുന്നതല്ല രാജ്യസ്നേഹം. യഥാര്‍ത്ഥ രാജ്യസ്നേഹം ജന്മമെടുക്കുന്നത് ഓരോ വ്യക്തിയുടെയും മനസ്സില്തന്നെയായിരിക്കും. അന്യന്റെ ദുഃഖം സ്വന്തം ദുഃഖവും അന്യന്റെ സന്തോഷം സ്വന്തം സന്തോഷവുമായി മാറുമ്പോഴാണ് യഥാര്‍ത്ഥ സ്നേഹം ജന്മമെടുക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ മൂലധനം ഈ സ്നേഹവും ഐക്യവുമാണ്.
മോഡിയെപ്പോലുള്ളവരെ പോറ്റിവളര്‍ത്തുന്ന സമൂഹത്തില്‍ ദൈവദൂതരായി അവതരിക്കുന്ന യഥാര്‍ത്ഥ മനുഷ്യസ്നേഹികളുടെ കാരുണ്യത്തിലാണ് സ്വാതന്ത്ര്യം നിലനില്‍ക്കുന്നതെന്ന് നാം മറക്കരുത്. നമ്മുടെയൊക്കെ ഭാഗ്യംകൊണ്ടായിരിക്കാം ഇന്ത്യയില്‍ ഇത്തരക്കാര്‍ക്ക് കുറവുണ്ടായിട്ടില്ല. ഗാന്ധിജി ജനിച്ച നാട് എന്ന പ്രശസ്തി ഇന്ത്യക്ക് ഇന്നും ഒരു മുതല്‍കൂട്ടാണ്. കെടുതികളുടെയും ദുരിതങ്ങളുടടെയും അക്രമത്തിന്റെയും ഘട്ടങ്ങളില്‍ മനുഷ്യ സ്നേഹത്തിന്റെ കാവല്‍ക്കാരായി കടന്നുവന്നവരെ സ്മരിക്കാതെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഒരു ചിന്തയും പൂര്‍ണമാകില്ല. ഗുജറാത്തില്‍ ആയിരങ്ങള്‍ വേട്ടയാടപ്പെട്ടപ്പോള്‍ അവരുടെ ശബ്ദമായിമാറിയ റ്റീസ്തയെപോലുള്ള പോരാളികള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ നിലനില്പിന് നല്കിയ കനപ്പെട്ട സംഭാവന എങ്ങനെ മറക്കാന്‍ കഴിയും? ഏറ്റുമുട്ടല്‍ വിപ്ലവം നടപ്പാക്കാനുള്ള മോഡിയുടെ കുതന്ത്രങ്ങള്‍ക്ക് തടസ്സമായിമാറിയ സജ്ഞീവ് ഭട്ടിനെപ്പോലുള്ള ഉന്നത ഉദ്യോഗസ്ഥരും പിന്‍കാലത്ത് വേട്ടയാടപ്പെട്ടത് വലിയൊരു വിരോധാഭാസമാവാം. എന്നാല്‍ ഒരിക്കലും അവസാനിക്കാത്ത സ്വാതന്ത്ര്യ സമരത്തിന്റെ പോരാളികളാണിവരെല്ലാം. ആന്ധ്രയിലെയും കര്‍ണാടകയിലെയും തമിഴ്നാട്ടിലെയുമെല്ലാം ഗ്രാമങ്ങളില്‍ പാവപ്പെട്ടവനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച് യഥാര്‍ത്ഥ വിപ്ലവം നടപ്പാക്കുന്ന ആയിരക്കണക്കിന് സാമൂഹ്യപ്രവര്‍ത്തകരും അവരെ പിന്തുണക്കുന്ന കര്‍ഷകരും ഗ്രാമീണരുമെല്ലാം ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ കാവല്‍ക്കാരാണ്.
സ്വാതന്ത്ര്യമെന്നത് കേവലം ആപേക്ഷികമായൊരു ആവേശമോ ആഘോഷമോ ആവരുത്. സ്വാതന്ത്ര്യം ജന്മമെടുക്കുമ്പോള്‍തന്നെ മറുഭാഗത്ത് അതിനെതിരായ ശക്തികളും പിറവിയെടുക്കുന്നുണ്ടെന്ന് നാം അറിയണം. പിന്നീട് നടക്കുന്ന പോരാട്ടത്തില്‍ നാം എവിടെ നില്‍ക്കുന്നുവെന്നതിനെ ആശ്രയിച്ചാണ് സ്വാതന്ത്ര്യം അര്‍ത്ഥവത്താകുന്നത്.
പറഞ്ഞും പാടിപ്പുകഴ്ത്തിയും ആസ്വദിക്കാന്‍ കഴിയുന്ന ഒന്നാണോ സ്വാതന്ത്ര്യമെന്ന് ചോദിച്ചുപോകുന്നത് ഇതുകൊണ്ടൊക്കെതന്നെയാണ്. സ്വാതന്ത്ര്യം ഓരോ വ്യക്തിയുടെയും ജന്മാവകാശമാണെന്ന് പറയുമ്പോഴും മറ്റുള്ളവരില്‍നിന്ന് അത് കട്ടെടുക്കാനുള്ള ആര്‍ത്തി നമ്മിലൊക്കെയില്ലേ? സ്വാതന്ത്ര്യമെന്നത് യോജിക്കാനുള്ള അവകാശംപോലെ വിയോജിക്കാനുള്ള അവകാശം കൂടിയാണെന്ന് നാം മറന്നുപോകുന്നില്ലേ? നമ്മുടെ താല്പര്യങ്ങള്ക്കനുസരിച്ച് സ്വാതന്ത്ര്യത്തിന് അതിര് വരമ്പുകള്‍ വരക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അത് തടവറകള്‍ തീര്‍ക്കുന്നതിന് സമാനമല്ലെ. നിഗൂഢ താല്പര്യങ്ങളുടെ പേരില്‍ നൂറു നൂറു തടവറകള്‍ തീര്‍ത്ത് ക്രമേണ അതൊരു വലിയൊരു സാമ്രാജ്യമാക്കി മാറ്റാനാഗ്രഹിക്കുന്ന നരേന്ദ്രമോഡിയെപ്പോലുള്ള ഭരണാധികാരികള്‍ ദേശീയ പതാകക്ക് സല്യൂട്ടടിക്കുമ്പോള്‍ വാഴ്ത്തപ്പെടുന്നതെന്താണെന്ന് നാം ചിന്തിച്ചിട്ടുണ്ടോ.
ഇങ്ങനെ നീണ്ടുപോകുന്ന ചോദ്യങ്ങളുടെ പട്ടിക രസം കൊല്ലികളായി നമുക്ക് തോന്നാം. കാരണം ക്രിയാത്മകമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കാണാന്‍ നമുക്ക് സമയമില്ലാതായിരിക്കുന്നു. പ്രത്യേകിച്ച് പുതിയ തലമുറ അര്‍ത്ഥവത്തായ ചോദ്യങ്ങളില്‍നിന്ന് ഒരുപാട് അകലെയാണ്. അയല്ക്കാരന്റെ പ്രശ്നങ്ങള്‍പോലും അവരുടെ ചിന്തകളെ അലട്ടാതെ വരുമ്പോള്‍ ആരുടെ സ്വാതന്ത്ര്യത്തെക്കുറിച്ചാണ് അവര്‍ വേവലാതിപ്പെടേണ്ടത്. ജീവന് നിലനിര്‍ത്താന്‍ ഓരോ സെക്കന്റിലും നാം അകത്തേക്കു വലിച്ചുകയറ്റുന്ന പ്രാണവായുവിനെക്കുറിച്ച് ചിന്തിക്കാന്‍ നമുക്ക് ഏറെയൊന്നും സമയം കിട്ടാറില്ലല്ലോ. പിന്നെയല്ലേ സ്വാതന്ത്ര്യത്തിന്റെ മഹാകീര്ത്തനം എന്നായിരിക്കാം വിധിന്യായം.
ശുദ്ധവായു യഥേഷ്ടം കിട്ടുന്നിടത്തോളം നമുക്കതിനേക്കുറിച്ച് ചിന്തിക്കാതെ കഴിയാമെന്ന സൗകര്യമുണ്ട്. വായു മലിനമായി ശ്വാസം മുട്ടുമ്പോള്‍ മാത്രമായിരിക്കാം നാം നിലവിളിച്ചു തുടങ്ങുന്നത്. പക്ഷേ, അപ്പോഴേക്കും ഒരുപാട് വൈകിപ്പോയിരിക്കില്ലേ.
ജയ് ഭാരത് ആശംസകളോടെ ഈ കുറിപ്പ് അവസാനിപ്പിക്കുമ്പോള്‍ ഒരിക്കല്‍കൂടി ക്ഷമ ചോദിക്കുകയാണ്. പറയാനാഗ്രഹിച്ചത് ഇതൊന്നുമായിരുന്നില്ല. പറഞ്ഞുവന്നപ്പോള്‍ എങ്ങിനെയൊക്കെയോ ഈ രൂപത്തിലായി. മാന്യ വായനക്കാരുടെ റിപ്പബ്ലിക്ക് ദിനാഘോഷ ചിന്തയെ ഏതെങ്കിലും രീതിയില്‍ ഈ കുറിപ്പ് ശല്യപ്പെടുത്തിയിട്ടുണ്ടെങ്കില് പൊറുക്കുക. സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കാന്‍ അവകാശമുള്ളപ്പോള്തന്നെയാണല്ലോ നാം അതിനെക്കുറിച്ച് ചിന്തിക്കേണ്ടത്!